ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഗോകർണത്തിനു സമീപമുള്ള തദഡി മത്സ്യബന്ധന തുറമുഖത്ത് ബോട്ടിനുള്ളിലെ മീൻ സംഭരണ അറ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് കൂടി ശാരീരിക അസ്വസ്ഥതയുണ്ടായി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കുമട്ട താലൂക്കിലെ മത്സ്യത്തൊഴിലാളികളായ നൗഷാദ് അലി രാജ, അമൻ അയൂബ് ലംഗഡു, അമീർ അബ്ദുൾ ഉഞ്ചള്ളി എന്നിവരാണ് മരിച്ചത്. ‘ഖുസൈന’ എന്ന പേരിലുള്ള മത്സ്യബന്ധന ബോട്ടിലാണ് അപകടമുണ്ടായത്.
ഗോവയ്ക്ക് സമീപം മത്സ്യബന്ധനം നടത്തിയ ശേഷം ബോട്ട് തദഡി തുറമുഖത്ത് തിരിച്ചെത്തുകയായിരുന്നു. ‘ചമൻ’ എന്നറിയപ്പെടുന്ന ഇനം മത്സ്യങ്ങളാണ് ബോട്ടിലുണ്ടായിരുന്നത്. മത്സ്യം ഇറക്കിയശേഷം ബോട്ടിലെ കോൾഡ് സ്റ്റോറേജ് അറ വൃത്തിയാക്കാൻ തൊഴിലാളികൾ ഇറങ്ങി. ഇതിനിടെ അറയ്ക്കുള്ളിൽ ഒരാൾ കുഴഞ്ഞുവീണു. ഇയാളെ രക്ഷിക്കാൻ ശ്രമിച്ച് മറ്റു തൊഴിലാളികളും അകത്തേക്ക് ഇറങ്ങിയതോടെ അവരും ശ്വാസംമുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. മത്സ്യാവശിഷ്ടങ്ങൾ അഴുകിയതിനെ തുടർന്ന് അടഞ്ഞ സംഭരണ അറയിൽ വിഷവാതകം രൂപപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
മത്സ്യാവശിഷ്ടങ്ങൾ അഴുകുമ്പോൾ അമോണിയ ഉൾപ്പെടെയുള്ള വാതകങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് വായുസഞ്ചാരം കുറഞ്ഞ അടച്ചിട്ട ഇടങ്ങളിൽ ഇത്തരം വാതകങ്ങൾ അപകടകരമായ അളവിൽ അടിഞ്ഞുകൂടാം. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ മരണത്തിന് കാരണമായ വാതകം ഏതാണെന്ന് ഔദ്യോഗിക പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. മൂന്ന് പേരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഗോകർണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോട്ടിലെ സംഭരണ അറയിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്.
മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദർശിച്ച കർണാടക ഫിഷറീസ് മന്ത്രി കെ.എസ്. ബസവന്തപ്പ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതമുള്ള ധനസഹായം കൈമാറി. മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആവശ്യമായ സഹായം നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി.
SUMMARY: Toxic gas encountered while cleaning the fish storage hold on a boat; three fishermen meet a tragic end.
















