കൊച്ചി: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. സർക്കാർ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നായിരുന്നു ഭരണസമിതി പിരിച്ചുവിട്ടത്.
മുൻകൂർ കാരണം കാണിക്കല്‍ നോട്ടീസ് ഒഴിവാക്കാൻ മതിയായ സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ നശിപ്പിക്കാൻ ഭരണസമിതി ശ്രമിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. മില്‍മ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവും ഹൈക്കോടതി റദ്ദാക്കി. തുടർനടപടികള്‍ സ്വീകരിക്കണമെങ്കില്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും നിർദേശം നല്കി.
ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയില്‍ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ സർക്കാർ പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഴിമതി ആരോപണങ്ങളും ശബരിമല നെയ്യ് വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂണ്ടിക്കാട്ടിയാണ് 2026 ജൂലൈയില്‍ സഹകരണ രജിസ്ട്രാർ തിരുവനന്തപുരം മില്‍മ ഭരണസമിതി പിരിച്ചുവിട്ടത്. ഇതിനു മുമ്പ് സിംഗിള്‍ ബെഞ്ച് സർക്കാരിൻ്റെ പിരിച്ചുവിടല്‍ നടപടി ശരിവച്ചിരുന്നെങ്കിലും ഡിവിഷൻ ബെഞ്ചില്‍ നല്കിയ അപ്പീലിലാണ് നിലവില്‍ അനുകൂല വിധി വന്നിരിക്കുന്നത്.
SUMMARY: High Court quashes the dissolution of the Milma Thiruvananthapuram Regional Union
















