വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടിയാകുന്നു. സെനറ്റ് തെരഞ്ഞെടുപ്പില്‍ ഫലം പുറത്ത് വന്ന 14 സീറ്റുകളില്‍ പതിനൊന്ന് ഇടങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചു. നിലവിൽ ട്രംപിന്റെ ജനപ്രീതി അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും താഴ്ന്ന നിലകളിലൊന്നിലാണ്. ഇറാനുമായുള്ള യുദ്ധം, ഇന്ധനവിലയിലെ വർധന, ഉയർന്ന ജീവിതച്ചെലവ് തുടങ്ങിയവയിൽ വോട്ടർമാർക്കുള്ള അതൃപ്തി റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിന്റെ പകുതിയില്‍ വച്ച് നടത്തുന്ന തിരഞ്ഞെടുപ്പായതിനാലാണ് ഇത് ഇടക്കാല തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്നത്. കോണ്‍ഗ്രസിലെ ഇരുസഭകളിലും ഈ തിരഞ്ഞെടുപ്പ് മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്
നിർണായക സെനറ്റ് പോരാട്ടങ്ങളിൽ നോർത്ത് കരോലിനയിലും ജോർജിയയിലും ഡെമോക്രാറ്റുകൾക്കാണ് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾക്ക് കഴിയുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. മുൻപ് റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന ടെക്സാസിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയും (James Talarico), സൗത്ത് കരോളിനയിൽ ആനി ആൻഡ്രൂസും (Annie Andrews) അട്ടിമറി വിജയം നേടി സെനറ്റ് സീറ്റുകൾ ഡെമോക്രാറ്റുകൾക്കായി പിടിച്ചെടുത്തു. നോർത്ത് കരോളിനയിലും ഡെമോക്രാറ്റുകൾക്കാണ് വിജയം.
കോളറാഡോ, ദെലാവേര്, ജോര്‍ജിയ, ഇല്ലിയോണിസ്, മസാച്ചുസെറ്റ്, നോര്‍ത്ത് കരോലീന, ന്യൂ ഹാമ്പ്ഷിര്, ന്യൂ ജേഴ്സി, ന്യൂ മെക്സിക്കോ, റോഡ് ഐലന്റ്, വെര്‍ജീനിയ എന്നിവിടങ്ങളിലാണ് വിജയം. ഫ്ളോറിഡ, വെസ്റ്റ് വെര്‍ജീനിയ, വ്യോമിംഗ് എന്നിവിടങ്ങളില്‍ റിപ്പബ്ലിക്കന്‍സ് സീറ്റ് നിലനിര്‍ത്തി. 21 ഇടങ്ങളിലെ ഫലം പുറത്ത് വരാനുണ്ട്.
ജനപ്രതിനിധി സഭയിലും നോര്‍ത്ത് കരോലീനയില്‍ റിപ്പബ്ലിക്കന്‍ സീറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റിക് പാര്‍ട്ടി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജാമി ആഗര്‍ ആണ് 58.5% വോട്ട് നേടി വിജയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജെനിഫര്‍ കാപ്സ് ബാല്ക്കോമിനെയാണ് തോല്‍പ്പിച്ചത്. നിർണായക പോരാട്ടമാണ് സീറ്റുകളിൽ നടക്കുന്നത്. ഡെമോക്രാറ്റ് ക്യാമ്പുകള്‍ക്ക് ആശ്വാസം പകരുന്നതാണ് ആദ്യ ഫല സൂചനകള്‍.
അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.വോട്ടെണ്ണൽ പുരോഗമിച്ചുകൊണ്ടിരിക്കെ, അമേരിക്കൻ രാഷ്ട്രീയത്തിന്റെ കളം മാറ്റിയെഴുതുന്ന വിധത്തിലുള്ള അന്തിമ ഫലങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകർ.
SUMMARY: US Midterm Elections: Early results show a setback for Trump, advance for the Democratic Party
















