ബെംഗളൂരു: ബെംഗളൂരുവിൽ വെള്ളിയാഴ്ച വൈകുന്നേരത്തിനും ശനിയാഴ്ച പുലർച്ചെതിനുമിടയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഇലക്ട്രോണിക് സിറ്റി, എച്ച്.എസ്.ആർ ലേഔട്ട്, കെ.ആർ പുരം ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധികളിലാണ് അപകടങ്ങളുണ്ടായത്.
ശനിയാഴ്ച പുലർച്ചെ ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ബൊമ്മസന്ദ്ര ഫ്ലൈഓവറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തുമകൂർ ജില്ലയിലെ സിറ സ്വദേശികളായ ലിംഗരാജു (28), ദേവരാജമ്മ (25) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. കാബ് ഡ്രൈവറായ ലിംഗരാജു ഹോസ്കോട്ടെയിലും, പ്രൈവറ്റ് കമ്പനി ജീവനക്കാരിയായ ദേവരാജമ്മ ഇലക്ട്രോണിക് സിറ്റിയിലെ ഒരു പി.ജിയിലുമാണ് താമസിച്ചിരുന്നത്. ശനിയാഴ്ച പുലർച്ചെ 1 മണിയോടെ ബെംഗളൂരുവിലേക്ക് മടങ്ങിവരവെയാണ് ഇവർ അപകടത്തിൽ പെട്ടത്. ഇടിച്ച വാഹനം നിർത്താതെ രക്ഷപ്പെട്ടു. വാഹനം കണ്ടെത്താൻ പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നു.
എച്ച്.എസ്.ആർ ലേഔട്ട് ട്രാഫിക് പോലീസ് പരിധിയിൽ അർദ്ധരാത്രിയിലുണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. തിപ്തൂർ സ്വദേശി ദയാനന്ദ (42)യാണ് മരിച്ചത്. വൺ-വേ റോഡിൽ എതിർദിശയിൽ (Wrong direction) ബൈക്ക് ഓടിച്ച ദയാനന്ദയുടെ വാഹനം ഒരു കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കെ.ആർ പുരം ട്രാഫിക് പോലീസ് പരിധിയിലെ ടിൻ ഫാക്ടറി ബ്രിഡ്ജിന് സമീപം വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ ഡി.ജെ ഹള്ളി സ്വദേശി യൂസഫ് (22) മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ യൂസഫ് സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിലേക്ക് ഒരു മിനി ടിപ്പർ ലോറി ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യൂസഫ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
SUMMARY: Four killed in different road accidents in Bengaluru















