ഡല്‍ഹി: 2027-ലെ ഐ.സി.എസ്.ഇ, ഐ.എസ്.സി ബോർഡ് പരീക്ഷകളുടെ സമയക്രമം CISCE പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പരീക്ഷകള്‍ ഫെബ്രുവരി 15-നും ഐ.എസ്.സി പരീക്ഷകള്‍ ഫെബ്രുവരി 9-നും ആരംഭിക്കും. നവംബർ 10-ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിലൂടെയാണ് ബോർഡ് സമയക്രമം പുറത്തുവിട്ടത്. ഔദ്യോഗിക വെബ്സൈറ്റായ cisce.org വഴി വിദ്യാർത്ഥികള്‍ക്ക് വിശദമായ വിഷയാധിഷ്ഠിത ടൈംടേബിള്‍ പരിശോധിക്കാം.
ഇത്തവണ ആകെ 3,79,980 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. 3,106 സ്കൂളുകളില്‍ നിന്നായി 2.70 ലക്ഷത്തോളം വിദ്യാർത്ഥികള്‍ ഐ.സി.എസ്.ഇ പരീക്ഷയ്ക്കും 1,651 സ്കൂളുകളില്‍ നിന്നായി 1,10,025 വിദ്യാർത്ഥികള്‍ ഐ.എസ്.സി പരീക്ഷയ്ക്കും ഹാജരാകും. പരീക്ഷാർത്ഥികളുടെ എണ്ണത്തില്‍ ഉത്തർപ്രദേശാണ് മുന്നില്‍. തൊട്ടുപിന്നില്‍ പശ്ചിമ ബംഗാളും കർണാടകയും മഹാരാഷ്ട്രയുമുണ്ട്.
ഐ.സി.എസ്.ഇ പരീക്ഷകളുടെ സമയക്രമത്തില്‍ ബോർഡ് മാറ്റം വരുത്തിയിട്ടുണ്ട്. ചോദ്യപ്പേപ്പർ വായിക്കാനുള്ള സമയം രാവിലെ 10:00 മണിക്ക് ആരംഭിക്കും. തുടർന്ന് 10:15-ന് എഴുത്തുപരീക്ഷ തുടങ്ങും. മുൻപ് 10:45-നായിരുന്നു റീഡിങ് ടൈമും 11:00-ന് എഴുത്തുപരീക്ഷയും ആരംഭിച്ചിരുന്നത്. വിദ്യാർത്ഥികള്‍ രാവിലെ 9:45-ന് തന്നെ പരീക്ഷാ ഹാളില്‍ പ്രവേശിക്കണം.
പരീക്ഷകള്‍ക്കുള്ള അഡ്മിറ്റ് കാർഡുകള്‍ 2026 ഡിസംബർ പകുതിയോടെ വിതരണം ചെയ്യും. സുതാര്യവും ഭയരഹിതവുമായ അന്തരീക്ഷത്തില്‍ പരീക്ഷകള്‍ നടത്താൻ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവും സെക്രട്ടറിയുമായ ഡോ. ജോസഫ് ഇമ്മാനുവല്‍ വ്യക്തമാക്കി.
SUMMARY: ICSE and ISC exam dates announced: Exams to begin from the second week of February















