തിരുവനന്തപുരം: വൈദ്യുതി ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മറനീക്കി പുറത്തുവരുമ്പോള്‍ ഇന്ന് മന്ത്രിസഭായോഗം. മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം കനത്ത വാദപ്രതിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണവും ഇന്നുണ്ടാകും.
മുഖ്യമന്ത്രി വി.ഡി.സതീശനും വൈദ്യുതി മന്ത്രി സണ്ണിജോസഫും തമ്മിലുള്ള നയപരമായ ഭിന്നതകളും വകുപ്പിലെ മേല്‍ക്കൈ തര്‍ക്കങ്ങളും ഭരണമുന്നണിയിലും ചര്‍ച്ചയായിട്ടുണ്ട്. ജിഎന്‍എ യില്‍ നിന്നും വൈദ്യുതി വാങ്ങുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ നിലപാട് വൈദ്യുതിമന്ത്രി സണ്ണിജോസഫിന് വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് താൽപര്യമെടുത്ത വൈദ്യുതി വാങ്ങലിന് പിന്നിൽ മറ്റ് താൽപര്യങ്ങളുണ്ടെന്ന് പ്രതിപക്ഷം സംശയിക്കുന്നു. വൻകൊളളയ്ക്കുളള നീക്കമാണ് നടന്നത്. ഇല്ലാത്ത വൈദ്യുതി ക്ഷാമം ഉണ്ടെന്ന് പ്രചരിപ്പിച്ച് വൈദ്യുതി വാങ്ങാനുളള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറിയതോടെ തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്നാണ് പ്രതിപക്ഷം കരുതുന്നത്. വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുളള നീക്കം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
SUMMARY: A crucial cabinet meeting today; the electricity contract controversy may come up for discussion.















