ബെംഗളൂരു: ലോകപ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ താൽക്കട്ടോറ സ്റ്റേഡിയത്തിൽ നടന്ന ടിക്കറ്റ് ടു ഹോൺബിൽ 2026 (Ticket to Hornbill 2026) മത്സരത്തിൽ മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി ബെംഗളൂരു മലയാളിയായ അലൻ തോമസ് സുനീഷ്. ഹെവി മെറ്റൽ/ഹാർഡ് റോക്ക് വിഭാഗത്തിൽ 221 ബാൻഡ്കളെ പിന്തള്ളിയാണ് അലൻ നേട്ടം കൈവരിച്ചത്. അലന്റെ ബാൻഡ് ആയ സ്റ്റീൽ ഫാൽക്കണ്‍ രണ്ടാം സ്ഥാനവും ലഭിച്ചു. ക്യാഷ് അവാർഡായി 6 ലക്ഷം രൂപയും ഇൻഡിവിജ്വൽ പെർഫോമൻസിനുള്ള സമ്മാനവും അലന് ലഭിച്ചു.
29 കാരനായ അലൻ ആൽബം അടക്കം ഒട്ടേറെ ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട തുമ്പമൺതാഴം സ്വദേശികളും ബെംഗളൂരു കൊത്തന്നൂരിന് സമീപം ദൊഡ്ഡഗുബ്ബിയിൽ താമസക്കാരുമായ സുനീഷ്, ദീപ ദമ്പതികളുടെ മൂത്ത മകനാണ് അലൻ.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിൽ എല്ലാ വർഷവും ഡിസംബർ 1 മുതൽ 10 വരെ നടത്തുന്ന പ്രശസ്തമായ സാംസ്കാരിക ഉത്സവമാണ് ഹോൺബിൽ ഫെസ്റ്റിവൽ. ‘ഉത്സവങ്ങളുടെ ഉത്സവം’ എന്നാണ് ഇത് അറിയപ്പെടുന്നത്. വിവിധ ഗോത്രങ്ങളുടെ പരമ്പരാഗത നൃത്തങ്ങളും സംഗീതപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. ഫെസ്റ്റിൽ അലന്റെ ബാൻഡ് ആയ സ്റ്റീൽ ഫാൽക്കന്റെ പ്രകടനവുമുണ്ടായിരിക്കും.
വിനോദസഞ്ചാര മന്ത്രാലയം, ഇൻക്രെഡിബിൾ ഇന്ത്യ, കാസിയോ, ഇൻഡിഗോ എന്നിവയാണ് ഫെസ്റ്റിന്റെ പ്രമുഖ സ്പോൺസർമാർ. ഇത്തവണത്തെ ഹോൺബിൽ ഫെസ്റ്റ് രാഷ്ട്രപതി ദ്രൗപതി മുർമു ആണ് ഉദ്ഘാടനം ചെയ്യുന്നത്.
SUMMARY: Hornbill Fest: Alan Thomas Suneesh wins the award for Best Singer in India.















