തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സ്വർണത്തോടുള്ള അത്യാർത്തിയും ബിസിനസ് വളർച്ചയിലുണ്ടായ വൈരാഗ്യവുമാണെന്ന് പോലീസ്. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ വ്യാപാര വളർച്ചയിൽ അസൂയ പൂണ്ട സമീപത്തെ ചില വ്യാപാരികളും നന്ദകുമാറിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ അമൂലും ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കവര്‍ച്ച 25 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ച ക്വട്ടേഷന്‍ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ഒരുമിച്ചിരുന്നാണ് കവര്‍ച്ചയുടെ പദ്ധതി തയ്യാറാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചയ്ക്ക് പിന്നിലെ ഗൂഢാലോചന നടന്നത്. കവര്‍ച്ചയ്ക്ക് തലേദിവസം പ്രതികള്‍ സംഭവസ്ഥലത്തെത്തി റിഹേഴ്സല്‍ നടത്തിയെന്നും പോലീസ് പറയുന്നു.
നന്ദകുമാറിന്റെ നീക്കങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കവർച്ച നടപ്പാക്കിയത്. സംഭവദിവസം രാവിലെയും അമൂൽ പത്തുലക്ഷം രൂപയുടെ സ്വർണം നന്ദകുമാറിന് വിറ്റിരുന്നു. കടയിൽനിന്ന് നന്ദകുമാർ ഇറങ്ങുന്ന വിവരങ്ങൾ ശ്രാവൺ വഴി പ്രതികൾക്ക് ലഭിച്ചു. തുടർന്ന് അനിൽ, അനൂപ്, വിനോദ് എന്നിവരുടെ സഹായത്തോടെ ഹോണ്ടയുടെ ആഡംബര ബൈക്കിലെത്തിയാണ് മരക്കട ഭാഗത്തുവെച്ച് സ്വർണം തട്ടിയെടുത്തത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
കവർച്ചയ്ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നിർണായകമായത് ബൈക്കിന്റെ സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു. സമാന മോഡലിലുള്ള മുന്നൂറോളം ബൈക്കുകൾ പരിശോധിച്ചാണ് പോലീസ് അനിലിലേക്ക് എത്തിയത്. തുടർന്ന് ഫോൺ വിവരങ്ങളും ടോൾ പ്ലാസകളിലെ സി.സി.ടി.വി ദൃശ്യങ്ങളും ഫാസ്ടാഗ് വിവരങ്ങളും പരിശോധിച്ച് പ്രതികളെ പിന്തുടർന്നു. നാഗർകോവിൽ, മധുര, ബെംഗളൂരു വഴി വയനാട്ടിലേക്ക് കടന്ന പ്രതികളെ 48 മണിക്കൂറിനുള്ളിൽ പിടികൂടി. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി അമൂലിനെ ചാലയിലെ സ്ഥാപനത്തിലെത്തിച്ച് പോലീസ് തെളിവെടുപ്പും നടത്തി.
എന്നാൽ, കാണാതായ രണ്ട് കിലോ സ്വർണത്തിൽ 448 ഗ്രാം മാത്രമാണ് ഇതുവരെ കണ്ടെടുത്തത്. കവർച്ചയ്ക്ക് രണ്ട് ദിവസം മുമ്പ് ജയറാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി നന്ദകുമാർ മൊഴി നൽകിയിട്ടുണ്ട്.
SUMMARY: Chala gold heist: Big plan, friend and business partner behind
















