മുംബൈ: പാർക്കില്‍ ഇരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ പ്രായപൂർത്തിയാകാത്ത സംഘത്തിന്റെ ആക്രമണം. മുംബൈയിലെ ഘട്കോപ്പറിലാണ് സംഭവം. യുവാവിനെ സംഘം വളഞ്ഞിട്ട് മർദിക്കുന്നതിന്റെയും വടികൊണ്ട് അടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
നവി മുംബൈ സ്വദേശികളായ യുവതിയും യുവാവും പാർക്കില്‍ ഇരിക്കുമ്പോഴാണ് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ സംഘം ഇവരുടെ അടുത്തെത്തിയത്. തുടർന്ന് ഉണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ സംഘത്തിലെ ഒരാള്‍ യുവാവിനെ വടികൊണ്ട് അടിക്കുന്നതും മറ്റൊരാള്‍ മുഖത്ത് ഇടിക്കുന്നതും കാണാം. യുവാവിനെ സംരക്ഷിക്കാൻ യുവതി ശ്രമിച്ചെങ്കിലും സംഘം ഇരുവരെയും ഉപദ്രവിക്കുന്നത് തുടർന്നു.
സംഭവത്തില്‍ ഘട്കോപ്പർ പോലീസ് എട്ട് പ്രായപൂർത്തിയാകാത്തവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 189(2), 189(4), 118(1), 352, 351(2) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കുട്ടികളുടെ മാതാപിതാക്കളോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നല്കി. തുടർനിയമനടപടികള്‍ക്കായി എട്ട് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: Group of minors attacks couple in park















