മൂന്നാർ: ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന മറുനാടൻ തൊഴിലാളിയെ അറസ്റ്റുചെയ്തു. അസം ഡപോറ നാഗോൺ സ്വദേശിനിയായ കവിതാ ബോറ(24)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഝാർഖണ്ഡ് സ്വദേശി ജെഗേശ്വർ കുമാർ (30) പോലീസ് പിടിയിലായി. സംശയത്തിന്റെപേരിൽ ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇയാൾ കവിതയോട് കലഹിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.
കെഡിഎച്ച്പി കമ്പനി പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനില്‍ തൊഴിലാളികളായിരുന്ന ഇരുവരും ബന്ധുക്കളോടൊപ്പം കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി മൂന്നാര്‍ ടൗണിലെ സ്വകാര്യ റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിച്ച ജെഗേശ്വറും കവിതയും തമ്മില്‍ തര്‍ക്കമുണ്ടായി. അടുത്തിടെ തന്റെ സഹോദരനോടൊപ്പം കവിത മുംബൈയില്‍ പോയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. തുടര്‍ന്ന് ജെഗേശ്വര്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്തിയ ഇയാള്‍, കവിത വിഷംകഴിച്ചുവെന്ന് പറഞ്ഞു.
സുഹൃത്തിന്റെ സഹായത്തോടെ കവിതയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിഷം കഴിച്ചതായാണ് ആശുപത്രിയിലും അറിയിച്ചതെങ്കിലും ഇതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകള്‍ കാണുകയും ചെയ്തു. സംശയം തോന്നിയ ഡോക്ടര്‍മാര്‍ ആശുപത്രി അധികൃതര്‍ മുഖാന്തരം വിവരം മൂന്നാര്‍ പോലീസിനെ അറിയിച്ചു. ആശുപത്രിയിലെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
SUMMARY: Migrant worker arrested for strangling wife to death over suspicion
















