ബെംഗളൂരു: സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം മുതൽ കർണാടകയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലും ഭരണഘടന പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചു. ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് മൈസൂരുവിലെ മഹാരാജാസ് കോളേജ് മൈതാനത്ത് നടന്ന സംസ്ഥാനതല പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഭരണഘടനയിലെ ആദർശങ്ങളെയും മൂല്യങ്ങളെയുംപ്പറ്റി ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ ബോധവത്കരിക്കാൻ വേണ്ടിയാണിതെന്നും . ഇത് നടപ്പാക്കുന്നതിനായി കമ്മിറ്റിക്ക് രൂപം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവാക്കളിൽ ജനാധിപത്യ ബോധവും നേതൃത്വഗുണവും വളർത്തുന്നതിനായി സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ യൂത്ത് പാർലമെന്റുകൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണഘടന എന്നത് കേവലം ഒരു പുസ്തകമല്ലെന്നും, ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങളും അന്തസ്സും സ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കുന്ന കവചമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര, മന്ത്രിമാരായ ഡോ. യതീന്ദ്ര സിദ്ധരാമയ്യ, കെ.എച്ച്. മുനിയപ്പ, സതീഷ് ജാർക്കിഹോളി, എൻ. ചെലുവരായസ്വാമി, കെ.എം. ശിവലിംഗ ഗൗഡ, പി.എം. നരേന്ദ്രസ്വാമി, റിസ്വാൻ അർഷാദ്, പുട്ട രംഗഷെട്ടി, മുൻ മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, തൻവീർ സേട്ട്, എച്ച്.എം. രേവണ്ണ, കെ.പി.സി.സി. പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിംങ് സുർജേവാല എന്നിവർ ചടങ്ങിൽ സംസാരിച്ചു.
SUMMARY: The Constitution will be taught in schools in Karnataka starting from the next academic year.
















