കണ്ണൂർ: കണ്ണൂർ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടർന്ന് യുവാവ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. തോട്ടട കിഴുന്നപ്പാറ സ്വദേശി ഷിജില്‍ (31) മരിച്ച സംഭവത്തിലാണ് പരാതി. കണ്ണിലെ ഞരമ്പില്‍ നീർക്കെട്ടിനെ തുടർന്നാണ് ഷിജില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.
എന്നാല്‍, കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതില്‍ വലിയ കാലതാമസമുണ്ടായെന്നും ഇത് ആരോഗ്യനില ഗുരുതരമാകാനും മരണത്തിനും ഇടയാക്കിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. പ്ലാസ്മ എക്‌സ്‌ചേഞ്ച് ചികിത്സ നിർദേശിച്ചിരുന്നെങ്കിലും നടപ്പാക്കാൻ വൈകിയെന്നും ആരോഗ്യനില വഷളായിട്ടും പലതവണ ആവശ്യപ്പെട്ടിട്ടും ഐ.സി.യുവിലേക്ക് മാറ്റിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പൂർണമായും ബോധം നഷ്ടപ്പെട്ട ശേഷമാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, ചികിത്സയില്‍ അനാസ്ഥയുണ്ടായിട്ടില്ലെന്നാണ് കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Death of a young man at Pariyaram Medical College, Kannur: Allegations of medical negligence















