കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഇറാന്റെ ഡ്രോണാക്രമണം. ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം . ഒരു കുവൈത്ത് പൗരനും ഒരു പാകിസ്താൻ പൗരനും പരുക്കേറ്റു. ഇവർക്ക് പരുക്കുപറ്റിയത് ഡ്രോൺ അവശിഷ്ടങ്ങൾ വീണാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്ന ഇറാനിയൻ ഡ്രോണുകളെ കുവൈത്ത് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. എന്നാൽ തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചും തുടർന്നുണ്ടായ സ്ഫോടനത്തിലുമാണ് ആളപായവും നാശനഷ്ടങ്ങളും സംഭവിച്ചത്.
ജർമ്മൻ പ്രതിരോധ നിർമ്മാണ കമ്പനിയായ റൈൻമെറ്റലിന്റെ (Rheinmetall Italia) ഇറ്റാലിയൻ ശാഖയിൽ ടെക്നീഷ്യൻമാരായി ജോലി ചെയ്തിരുന്ന രണ്ട് സിവിലിയൻ ഉദ്യോഗസ്ഥരാണ് മരിച്ചത്. കുവൈത്തിലെ ഒരു വ്യോമപ്രതിരോധ നിരീക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇവർക്ക് അപകടം സംഭവിച്ചത്.
കുവൈത്ത് സൈന്യത്തിലെ ഒരു ക്യാപ്റ്റനും ഒരു പാകിസ്ഥാൻ സ്വദേശിക്കും പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രത്തിന് നേരെയുണ്ടായ കടന്നുകയറ്റത്തെ കുവൈത്ത് പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്വാൻ വ്യക്തമാക്കി. ഗൾഫ് സഹകരണ കൗൺസിലും (GCC) സൗദി അറേബ്യയും ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇത്തരം നടപടികൾ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു
കൊല്ലപ്പെട്ട ഇറ്റാലിയൻ പൗരന്മാരുടെ കുടുംബാംഗങ്ങളെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയും അനുശോചനം അറിയിച്ചു.
SUMMARY: Iranian drone attack in Kuwait: Two Italian citizens killed, two injured
















