ബെംഗളൂരു: ശിവമൊഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിലെ ഹെഡ്ഡൂരുവിനടുത്തുള്ള മഹിഷി നദിയിൽ കുളിക്കാനിറങ്ങിയ നാല് യുവാക്കളെ കാണാതായി. ബെംഗളൂരുവിലെ കത്രിഗുപ്പെ നിവാസികളായ കാർത്തിക് (31), നകുൽ (19), പവൻ (30), ചേതൻ (19) എന്നിവരെയാണ് കാണാതായത്.
വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് എത്തിയതായിരുന്നു നാലുപേരും. പിന്നീട് ഗൂഗിളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായി തിരഞ്ഞ് മഹിഷിയിലെ അശ്വതനാരായണ ക്ഷേത്രത്തിന് സമീപമുള്ള പ്രദേശത്തേക്ക് എത്തുകയും ചെയ്തു. ക്ഷേത്രത്തിന് പിന്നിലെ നദിക്ക് സമീപം കളിച്ചുകൊണ്ടിരുന്നപ്പോൾ, അവരിൽ ഒരാൾ വെള്ളത്തിൽ താഴ്ന്നുപോകുകയായിരുന്നു. തുടർന്ന് മറ്റ് മൂന്ന് പേർ രക്ഷിക്കാൻ നദിയിലേക്ക് ഇറങ്ങിയപ്പോൾ, അവരും ശക്തമായ ചുഴിയിൽ കുടുങ്ങി കാണാതാവുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ പോലീസ്, ഫയർ ആൻഡ് എമർജൻസി സർവീസസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. യുവാക്കളെ കണ്ടെത്തുന്നതിനായി തിരച്ചിൽ പുരോഗമിക്കുകയാണ്.
SUMMARY: Four young men who went to bathe in a river in Tirthahalli have gone missing.















