സിംഗപ്പൂർ: സിംഗപ്പൂരിൽ ഒൻപത് വയസ്സുള്ള മകനെ കള്ളം പറഞ്ഞതിന് നഗ്നനാക്കി ലിഫ്റ്റിൽ കയറ്റി വിട്ട അച്ഛന് ആറ് മാസത്തെ തടവുശിക്ഷ. 2025 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്നാണ് സിംഗപ്പൂർ കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് പ്രതിയുടെ പേരുവിവരങ്ങൾ കോടതിയും അധികൃതരും പുറത്തുവിട്ടിട്ടില്ല.
താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ എട്ടാം നിലയിൽ വച്ച് കള്ളം പറഞ്ഞതിനാണ് പിതാവ് മകന് ഈ ക്രൂരമായ ശിക്ഷ നൽകിയത്. കുട്ടിയുടെ വസ്ത്രങ്ങളെല്ലാം അഴിപ്പിച്ച ശേഷം ലിഫ്റ്റിൽ കയറി ഏറ്റവും താഴത്തെ നിലയിലെത്തി തിരികെ വരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
മകൻ നഗ്നനായി ഇടനാഴിയിലൂടെ ഓടുന്നതും ലിഫ്റ്റിൽ കയറുന്നതും മൊബൈൽ ഫോണിൽ പകർത്താൻ ഇയാൾ തന്റെ ഏഴ് വയസ്സുകാരിയായ മകളോട് ആവശ്യപ്പെട്ടു. ലിഫ്റ്റിൽ വച്ച് ഫ്ലാറ്റിലെ മറ്റ് രണ്ട് താമസക്കാർ കുട്ടിയെ നഗ്നനായ നിലയിൽ കാണുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടാതെ, പ്രതി മുൻപും കുട്ടികളോട് ക്രൂരമായി പെരുമാറിയിട്ടുള്ളതായി പോലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ വച്ച് ഛർദിച്ചതിന്റെ പേരിൽ ഇയാൾ മകളുടെ മുഖത്തടിച്ചിരുന്നു. കുട്ടികൾക്കെതിരായ ഈ അതിക്രമവും വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കോടതി ആറ് മാസത്തെ തടവുശിക്ഷ വിധിച്ചത്. നിലവിൽ 15,000 സിംഗപ്പൂർ ഡോളറിന്റെ ജാമ്യത്തിലുള്ള പ്രതി ഡിസംബർ 1 മുതൽ ജയിൽ ശിക്ഷ അനുഭവിച്ചു തുടങ്ങും.
SUMMARY: Father who stripped his nine-year-old son and sent him into a lift for lying gets six-month jail term















