ഡൽഹി: ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16-ന് സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകള്‍ക്കിടെ അതിർത്തി സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി. പശ്ചിമബംഗാള്‍, ത്രിപുര അതിർത്തികളിലാണ് കൂടുതല്‍ ജാഗ്രത ഏർപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശ് അതിർത്തിയിലും സുരക്ഷാസേനയുടെ നിരീക്ഷണം കൂട്ടിയിട്ടുണ്ട്.റോഡ് മാർഗമായിരിക്കും ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് പോകുകയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.
മടങ്ങിവരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏഴ് ജില്ലകളിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ 120 പ്ലാറ്റൂണ്‍ ഏഴ് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. ഇതില്‍ 56 പ്ലാറ്റൂണ്‍ ഹസീനയുടെ സ്വദേശമായ ഗോപാല്‍ഗഞ്ച് ജില്ലയിലാണ്. സാവാർ, അശുലിയ, ധാക്ക, ഗാസിപുർ, നാരായണ്‍ഗഞ്ച്, ബാലൂക്ക, മൈമൻസിങ്, ചറ്റോഗ്രാം, കോക്സ് ബസാർ എന്നിവിടങ്ങളിലും സേനാവിന്യാസമുണ്ട്.
ഹസീന മടങ്ങിവരുന്നത് പ്രഖ്യാപിച്ചതോടെ ബംഗ്ലാദേശിലെ വിവിധ ഭാഗങ്ങളില്‍ അവാമി ലീഗ് പ്രവർത്തകരും ഭരണകക്ഷിയായ ബംഗ്ലാദേശി നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രവർത്തകരും തമ്മില്‍ സംഘർഷങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബോംബ് ആക്രമണങ്ങളും തീവെപ്പും സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നില്‍ അവാമി ലീഗ് പ്രവർത്തകരാണെന്നാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ ആരോപണം. രാജ്യത്ത് എത്തിയാല്‍ ഷെയ്ഖ് ഹസീനയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലാദേശ് സർക്കാരിന്റെ നിലപാട്.
ഹസീന കുറ്റവാളിയാണെന്നും പിടികിട്ടാപ്പുള്ളിയായ ഭീകരവാദിയാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഹുമയൂണ്‍ കബീർ കഴിഞ്ഞ ദിവസം പറഞ്ഞു. കൈവിലങ്ങ് അണിഞ്ഞ് കർശന നിരീക്ഷണത്തിലായിരിക്കണം ഹസീനയെ രാജ്യത്തേക്ക് കൊണ്ടുവരേണ്ടതെന്നും മന്ത്രി പറഞ്ഞു.ഇന്ത്യയില്‍നിന്ന് മടങ്ങാൻ ബംഗ്ലാദേശിന്റെ ദേശീയ വിമാന കമ്പനിയായ ബിമൻ എയർലൈൻസിന്റെ വിമാനം അനുവദിക്കണമെന്ന ഷെയ്ഖ് ഹസീനയുടെ അഭ്യർഥന ബംഗ്ലാദേശ് സർക്കാർ തള്ളിയിരുന്നു.
2024-ലെ വിദ്യാർഥി പ്രക്ഷോഭത്തിനുശേഷമാണ് 15 വർഷത്തെ ഭരണത്തിന് ശേഷം ഹസീന രാജ്യം വിട്ടത്. അന്നുമുതല്‍ അവർ ഇന്ത്യയിലാണ് കഴിയുന്നത്. 2025 നവംബറില്‍ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി ബംഗ്ലാദേശിലെ കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
SUMMARY: Sheikh Hasina to return by road on December 16; heavy security at the Bengal and Tripura borders
















