ബെംഗളൂരു: ബെംഗളൂരുവിലെ സാംസ്കാരിക സംഘടനയായ ശാസ്ത്ര സാഹിത്യ വേദിയുടെ കുടുംബസംഗമം ഡിസംബർ 12 ന് ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലുള്ള ഇ.സി.എ ഹാളിൽ നടക്കും. നവോത്ഥാന നന്മകളും മാനവിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചും, ശാസ്ത്രത്തെയും സാഹിത്യത്തെയും മനുഷ്യപുരോഗതിക്കായി ഉപയോഗപ്പെടുത്തിയും പ്രവർത്തിക്കുന്ന സംഘടനയുടെ വാർഷിക കുടുംബസംഗമം വിവിധ കലാപരിപാടികളോടെയാണ് ആഘോഷിക്കുന്നത്.
നൃത്തനൃത്യങ്ങൾ, കവിതാ ദൃശ്യാവിഷ്കാരം, ഗാനാലാപനം എന്നിവയോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സംഘടനാ പ്രസിഡന്റ് കെ.ബി. ഹുസൈൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി പൊന്നമ്മ ദാസ് സ്വാഗതവും പ്രദീപ് പി.പി. നന്ദിയും പറയും. എഴുത്തുകാരനും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ നവീൻ എസ്. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തങ്കമ്മ സുകുമാരൻ സ്വാഗതഗാനം ആലപിക്കും. സമ്മാനദാനവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.
കുടുംബസംഗമത്തിന്റെ ഭാഗമായി ശാസ്ത്ര സാഹിത്യ വേദി അംഗങ്ങൾ അവതരിപ്പിക്കുന്ന ‘ഒറ്റയാൾ കാവൽ’ എന്ന നാടകവും അരങ്ങേറും. പ്രശസ്ത സാഹിത്യകാരൻ എൻ.എസ്. മാധവന്റെ ‘ഹിഗ്വിറ്റ’ എന്ന ചെറുകഥയെ ആസ്പദമാക്കി അനിൽ തിരുമംഗലം രചനയും സംവിധാനവും നിർവഹിക്കുന്ന സ്വതന്ത്ര നാടകാവിഷ്കാരമാണിത്.
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് അനൂപ് കെ.വി. ലൈറ്റ് ഡിസൈനും, മിഥുൻ കളരിക്കൽ സംഗീതവും ശബ്ദമിശ്രണവും നിർവഹിക്കുന്നു. മണികണ്ഠൻ താമല്ലൂർ പ്രൊഡക്ഷൻ മാനേജരായും, അനീഷ് കാനായി സ്റ്റേജ് നിർവഹണവും, കുമാർ ചമയവും കൈകാര്യം ചെയ്യുന്നു. മണികണ്ഠൻ, അരവിന്ദ്, അഭിനവ് എന്നിവരാണ് സംവിധാന സഹായികൾ.
കൂടുതൽ വിവരങ്ങൾക്ക്: 96322 24384, 99453 82688
SUMMARY: Shastra Sahitya Vedi Kudumbasangam on 12; The play ‘Otayal Kaval’ will be staged
















