ബെംഗളൂരു: പണ്ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഗുരുസ്മരൺ 2026’ വാർഷിക സംഗീതസമർപ്പണ പരിപാടി ബെംഗളൂരുവില്‍ ‘ ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൻ്റെ വിവിധ ധാരകൾ സംഗമിച്ച വേദി ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൻ്റെ സമ്പന്നമായ പാരമ്പര്യത്തെയും ഗുരുശിഷ്യ പരമ്പരയുടെ മഹത്വത്തെയും വിളിച്ചോതുന്ന ഒന്നായിത്തീർന്നു.
പ്രശസ്ത പഖാവാജ് വാദകൻ ശ്രീകൃഷ്ണ സലുങ്കെയും സംഘവും പഖാവാജ് സംഗീതാവിഷ്കാരം അവതരിപ്പിച്ചു. തുടര്‍ന്നു പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് വിനായക് ടോർവിയുടെ സംഗീതകച്ചേരി അരങ്ങേറി. പണ്ഡിറ്റ് രവീന്ദ്ര യാവാഗൽ തബലയിലും പണ്ഡ്ഡിറ്റ് വ്യാസമൂർത്തി കട്ടി ഹാർമോണിയത്തിലും അകമ്പടി നൽകി.
ശാസ്ത്രീയ ഹിന്ദുസ്ഥാനി പ്രചാരണത്തിനുമായി ജീവിതം സമർപ്പിച്ച കണ്ണൂർ തലശ്ശേരി സ്വദേശിയായ ഗുരു പണ്ഡിറ്റ് ഹരിദാസ് ഷേണായ് ജിയുടെ ദർശനങ്ങളും സംഗീതസേവനങ്ങളും സംഗീതപാരമ്പര്യവും മുന്നോട്ടുകൊണ്ടുപോകുന്നതിനായി അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആരംഭിച്ചതാണ് പണ്ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്റ്റ്, ഗുരു പണ്ഡിറ്റ് ഹരിദാസ് ഷേണായ് ജിയെയും, ഒപ്പം അദ്ദേഹത്തിന്റെ ഗുരുക്കന്മാരായ പണ്ഡിറ്റ് പുണ്ഡലിക് ഷേണായ്, പണ്ഡിറ്റ് ഗൗരംഗ് കോടിക്കൽ എന്നിവരെയും അനുസ്മരിച്ചുകൊണ്ടാണ് ഈ പരിപാടി കഴിഞ്ഞ പത്തോളം വർഷങ്ങളായി പ്രശസ്ത ഹിന്ദുസ്ഥാനി സംഗീത കലാകാരൻമാരെ ഉൾക്കൊള്ളിച്ച്കൊണ്ട് ഗുരുസ്മരൺ എന്ന പേരിൽ സംഘടിപ്പിച്ചുവരുന്നത്.
സംഗീതത്തിന്റെ സംരക്ഷണത്തിനും യുവതലമുറയിൽ സംഗീതത്തോടുള്ള താൽപര്യം വളർത്തുകയും പ്രതിഭാധനരായ കലാകാരന്മാർക്ക് വളരാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. എല്ലാ മാസങ്ങളിലും നടത്തപ്പെടുന്ന ബൈഠക്കുകളും പൊതുസംഗീതപരിപാടികളും ഈ ദൗത്യത്തിൻ്റെ ഭാഗമാണ്. ഒപ്പം ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിന്റെ ആത്മാവും സൗന്ദര്യവും വരുംതലമുറകളിലേക്ക് സംഗീതപാരമ്പര്യം പകരുന്നതിനും നിലനിർത്തുന്നതിനുമുള്ള ശ്രമങ്ങൾ വ്യത്യസ്തമായ പരിപാടികളിലൂടെ ഇനിയും തുടരുമെന്ന് ബെംഗളൂരു കഗദ്ദാസപുര കേന്ദ്രമായി പ്രവർത്തിക്കുന്ന പണ്ഡിറ്റ് ഹരിദാസ് ഷേണായ് സംഗീത സേവാ ട്രസ്റ്റ് അറിയിച്ചു.
SUMMARY: ‘Guru Maran 2026’ as a meeting place for Nadalayams















