ഡല്‍ഹി: ആധാർ കാർഡ് കേവലം ഒരു തിരിച്ചറിയല്‍ രേഖ മാത്രമായി പരിമിതപ്പെടുത്തണമെന്നും, പൗരത്വം, ജനനത്തീയതി, സ്ഥിരതാമസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ഇതിനെ കണക്കാക്കരുതെന്നും ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹർജിയില്‍ സുപ്രീം കോടതിയുടെ നിർണായക ഇടപെടല്‍. വിഷയത്തില്‍ അടിയന്തരമായി നിലപാട് വ്യക്തമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോടതി നോട്ടീസ് അയച്ചു.
ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തിരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് വ്യക്തമാക്കാനാണ് സുപ്രീം കോടതിയ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ സ്കൂള്‍ പ്രവേശനം, വസ്തു വാങ്ങല്‍, റേഷൻ കാർഡ് എന്നിവയ്ക്കടക്കം ആധാർ തെളിവായി പരക്കെ ഉപയോഗിക്കുന്നത് വഴി അനധികൃത കുടിയേറ്റക്കാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.
ആധാർ നിയമത്തിലെ സെക്ഷൻ 9 പ്രകാരം ഇത് പൗരത്വത്തിന്റെയോ താമസസ്ഥലത്തിന്റെയോ തെളിവല്ലെന്ന യു ഐ ഡി എ ഐ (UIDAI) വിജ്ഞാപനം കർശനമായി നടപ്പാക്കാൻ നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
SUMMARY: Aadhaar card should be considered only as an identity document, not a document of citizenship; Supreme Court issues notice to Centre and states on petition















