കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ വധക്കേസില്‍ നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹർജിയിലാണ് നടപടി. ഇനി സമയപരിധി നീട്ടി നല്‍കില്ലെന്നും കോടതി വ്യക്തമാക്കി.
വിചാരണ ആരംഭിക്കാനിരിക്കെ പ്രതികള്‍ക്കെതിരെ ഐ.പി.സി 323-ാം വകുപ്പ് കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ബോധപൂർവം പരുക്കേല്‍പ്പിക്കല്‍ എന്ന കുറ്റമാണ് ഈ വകുപ്പിന് കീഴില്‍ വരുന്നത്. അഭിമന്യുവിനെ മർദിച്ച പ്രതികള്‍ക്ക് നിയമപരമായ പഴുതിലൂടെ രക്ഷപ്പെടാൻ അവസരം ലഭിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജില്‍ വെച്ച് അഭിമന്യു കൊലചെയ്യപ്പെട്ടത്. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. 30 പ്രതികളാണുള്ളത്. ഇതില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 16 പേര്‍ക്കെതിരേ 1500 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്.
പല തവണ കേസ് വിവാദത്തിലായിരുന്നു. മുഖ്യപ്രതിയെ ഉള്‍പ്പെടെ പിടികൂടാത്തതില്‍ ആദ്യം വലിയ വിവാദമുയര്‍ന്നിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ സുപ്രധാനമായ 11 രേഖകള്‍ കാണാതായെന്നും വിവരം പുറത്തു വന്നിരുന്നു. എട്ട് വര്‍ഷം കേസിന്റെ വിചാരണ നീണ്ടു പോയതിലടക്കം വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
SUMMARY: Abhimanyu murder case: High Court directs completion of trial and pronouncement of verdict within four months
















