തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബർ പോലിസ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ പി സി സി വക്താവ് രാജു പി നായര്‍ നല്കിയ പരാതിയില്‍ സംസ്ഥാന പോലിസ് മേധാവിയുടെ നിർദേശപ്രകാരമാണ് നടപടി. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും മുഖ്യമന്ത്രിയെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
കർണാടകയിലെ ബൈന്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ മുഖ്യമന്ത്രി രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തുവെന്നും ഈ രേഖകളുമായി രണ്ട് യുവാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നും ആന്റോ അഗസ്റ്റിൻ ഒരു വെളിപ്പെടുത്തിയിരുന്നു. ഈ രേഖകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വ്യാജരേഖകൾ നിർമിച്ച് സർക്കാരിനെയും മുഖ്യമന്ത്രിയെയും അട്ടിമറിക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നുമാണ് രാജു പി. നായരുടെ പരാതിയിൽ പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ ഇത്തരം ഗുരുതര സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടും പോലിസിനേയോ സർക്കാരിനേയോ വിവരമറിയിക്കാതിരുന്ന നടപടി സംശയാസ്പദമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
SUMMARY: Allegation of a sham marriage involving the Chief Minister; police register a case based on the complaint against Anto Augustine.
















