ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ദാദാസാഹേബ് ഫാൽകെ പുരസ്കാരം കന്നട ചലച്ചിത്രനടൻ അനന്ത് നാഗിന്. ഗുജറാത്തിലെ ഏക്താ നഗറിൽ സെപ്തംബർ 22 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനയും ദീർഘകാലത്തെ അഭിനയജീവിതവുമാണ് പുരസ്കാരത്തിനായി പരിഗണിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി) അറിയിച്ചു. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് പി.ഐ.ബി എക്‌സില്‍ കുറിച്ചു.
🎬THE DADASAHEB PHALKE AWARD 2024 GOES TO…
Shri ANANT NAG
On the recommendation of the Dadasaheb Phalke Award Selection Committee, the Government of India is pleased to announce that the Actor will be conferred the prestigious Dadasaheb Phalke Award 2024 for his contribution… pic.twitter.com/3WKnWZDGs0
— PIB India (@PIB_India) September 16, 2026
മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അനന്ത് നാഗ് കര്‍ണാടക മുൻ മന്ത്രിയുമാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പുരസ്കാരം നേടിയ അനന്ത് നാഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 2025 ൽ പദ്മഭൂഷൺ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായിട്ടുണ്ട്.
1948 സെപ്റ്റംബർ നാലിന് ജനിച്ച അനന്ത് നാഗ് അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്തുണ്ട്. അഭിനയിച്ചവയില്‍ 250ലേറെ ചിത്രങ്ങൾ കന്നഡയിലാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചു. സഹോദരന്‍ ഷങ്കര്‍ നാഗ്, ആര്‍ കെ നാരായണിന്‍റെ മാല്‍ഗുഡി ഡെയ്സ് ടെലിവിഷനുവേണ്ടി ഒരുക്കിയപ്പോള്‍ അതിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് അനന്ത് നാഗ് ആയിരുന്നു.
1987ല്‍ മലയാളികളുടെ പ്രിയസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുന്നാള്‍ എന്ന ചിത്രത്തില്‍ സ്വാതി തിരുന്നാളായി വേഷമിട്ടത് അനന്ത്‌നാഗ് ആയിരുന്നു. തിരുവിതാംകൂര്‍മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ രാമവര്‍മ്മയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കെജി എഫിലെ പത്രപ്രവര്‍ത്തകന്റെ വേഷവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
SUMMARY: Dadasaheb Phalke Award for Kannada actor Anant Nag















