ബെംഗളൂരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ഉവൈസിന്റെ ഭാര്യയും തൊണ്ടർനാട് കുഞ്ഞോം സ്വദേശിനിയുമായ അഫ്രീന (23) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെയാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് ബിൽഡിംഗ് ഉടമ ബഷീറിന്റെ ഭാര്യ, മകൾ, മകളുടെ രണ്ടു വയസ്സുള്ള കുട്ടി, ഉവൈസ്, അഫ്രീന എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം
അപകടത്തെ തുടർന്ന് ഓള്‍ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
SUMMARY: Road accident near Bidadi on the Bengaluru-Mysuru Expressway; young Malayali woman dies.
















