ബെംഗളൂരു: ഓട്ടോ എൽ.പി.ജി. ക്ഷാമത്തെത്തുടർന്ന് പ്രതിസന്ധിയിലായി നഗരത്തിലെ ഓട്ടോ ഡ്രൈവർമാര്‍. എൽ.പി.ജി. ലഭ്യത കുറവിനെ തുടര്‍ന്നു പമ്പുകൾ മിക്കതും അടച്ചിട്ടിതോടെയാണ് ഓട്ടോ തൊഴിലാളികളുടെ ജീവിതം ആശങ്കയിലായത്. തുറന്ന പമ്പുകളിൽ ഡ്രൈവർമാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. വാതകം നിറയ്ക്കാൻ മണിക്കൂറുകളോളം വരിനിൽക്കേണ്ട ഗതികേടിലാണ് ഡ്രൈവർമാർ. രാവിലെ അഞ്ചു മുതൽ ക്യൂ നിന്നിട്ടും ഇന്ധനം ലഭിക്കാതായതോടെ ഡ്രൈവർമാർ തമ്മിലുള്ള സംഘർഷം പതിവായിട്ടുണ്ട്. ഇതോടെ മിക്ക പമ്പുകളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഓട്ടോകളുടെ നിര റോഡിലേക്കു നീണ്ടതോടെ ഗതാഗത തടസ്സവും പതിവായി.
പാചകവാതക സിലിൻഡർ വില വർധനയ്ക്കെതിരേ കെംപെഗൗഡ ബസ് സ്റ്റാൻഡിൽ കന്നഡ ചാലവാലി വാട്ടാൾ പാർട്ടിയധ്യക്ഷൻ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ അംഗങ്ങൾ കഴിഞ്ഞ ദിവസം കാളവണ്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം ഇന്ധന ക്ഷാമമില്ലെന്നും വിതരണത്തിലെ തടസ്സമാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ പറയുന്നു. ഇതിനിടെ പെട്രോളിലേക്കു മാറാൻ ഓട്ടോ ഡ്രൈവർമാരോടു കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി നിർദേശിച്ചു. കർണാടകയിൽ 372 ഓട്ടോ എൽ.പി.ജി. വിതരണകേന്ദ്രങ്ങളുണ്ട്. സർക്കാരിന്റെ കീഴിൽ 72 എണ്ണംമാത്രമേ പ്രവർത്തിപ്പിക്കുന്നുള്ളു. ബാക്കി 300 എണ്ണം സ്വകാര്യകമ്പനികളാണ് നടത്തുന്നത്. ആഗോളതലത്തിൽ വിലക്കയറ്റത്തെത്തുടർന്ന് അവർ കിലോയ്ക്ക് 110 രൂപ വരെ വില വർധിപ്പിച്ചു. എന്നാൽ, കേന്ദ്രം ഓട്ടോ എൽ.പി.ജി. വില വർധിപ്പിച്ചിട്ടില്ല. അതിനാൽ, സർക്കാർ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിൽ ഓട്ടോ എൽ.പി.ജി.യുടെ വില കിലോയ്ക്ക് ഏകദേശം 89 രൂപയാണെന്നും ജോഷി പറഞ്ഞു.
SUMMARY: Auto LPG shortage: Auto drivers protest















