ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവെച്ചു. ചെയർമാനെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന കോൺഗ്രസിന്റെ ഭീഷണിക്കിടെയാണ് ഹൊരട്ടിയുടെ രാജി. കോൺഗ്രസിലെ സലീം അഹമ്മദ് കൗൺസിലിന്റെ പുതിയ ചെയർമാനാകും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും നിരന്തര ആവശ്യങ്ങളെ തുടർന്നാണ് തീരുമാനമെങ്കിലും സ്വമേധയാ രാജി സമർപ്പിക്കുകയാണെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കി.
കർണാടകയില്‍ ഏറ്റവുമധികം കാലം കൗൺസിൽ അംഗമായ നേതാവാണ് ബസവരാജ് ഹൊരട്ടി. തുടർച്ചയായി എട്ടു തവണ എം.എൽ.സി.യായി. നേരത്തെ ജെ.ഡി.എസിലായിരുന്ന ഹൊരട്ടി 2022-ലാണ് ബി.ജെ.പി.യിലെത്തിയത്.
75 അംഗ ലജിസ്ലേറ്റീവ് കൗൺസിലിൽ ഇപ്പോള്‍ കോൺഗ്രസിനാണ് ഭൂരിപക്ഷം. ബി.ജെ.പിക്ക് കൂടുതൽ അംഗബലമുള്ളപ്പോഴാണ് ഹൊരട്ടി സ്പീക്കറായത്. 2023-ൽ കോൺഗ്രസ് സർക്കാർ വന്നിട്ടും കൗൺസിലിൽ കോൺഗ്രസിന് ഭൂരിപക്ഷമില്ലാത്തതിനാൽ ചെയർമാനായി ഹൊരട്ടി തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ ജൂണിൽ ഏഴു സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലും വിജയിച്ചതോടെ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമായി. ഇതോടെ ഹൊരട്ടിയെ മാറ്റാൻ കോൺഗ്രസ് നീക്കം നടത്തുകയായിരുന്നു.
13ന് നിയമസഭാ, കൗൺസിൽ സമ്മേളനം ആരംഭിക്കും. പുതിയ ചെയർമാനെയും ഡപ്യൂട്ടി ചെയർമാനെയും 14നു തിരഞ്ഞെടുക്കും. കോൺഗ്രസ് ചീഫ് വിപ് കൂടിയായ സലിം അഹമ്മദ്, മുൻ മന്ത്രി ഉമാശ്രീ എന്നിവരാണ് ഈ സ്ഥാനങ്ങളിലേക്ക് കോൺഗ്രസിനായി മത്സരിക്കുന്നത്. അതുവരെ ഹൊറട്ടി പ്രോ ടേം ചെയർമാനായി തുടരും.
തിരഞ്ഞെടുപ്പു കേസിൽ ചിക്കമഗളൂരു എംഎൽസിയും നിയമനിർമാണ കൗൺസിൽ ഉപാധ്യക്ഷനുമായിരുന്ന എം.കെ.പ്രാണേഷിന്റെ അംഗത്വം സുപ്രീം കോടതി കഴിഞ്ഞ ദിവസം അസാധുവാക്കിയിരുന്നു. 2021 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 6 വോട്ടിനു പ്രാണേഷിനോടു പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗായത്രി ശാന്തെഗൗഡ കോടതിയെ സമീപിച്ച് വിജയം തിരിച്ചു പിടിച്ചതോടെ കൗൺസിലില്‍ കോൺഗ്രസിന് ഒരംഗത്തെ കൂടി ലഭിച്ചിരുന്നു.
SUMMARY: Basavaraj Horati resigns as Karnataka Legislative Council Speaker
















