തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചർച്ചയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാദപ്രതിവാദം. പ്രതിപക്ഷം ഉന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ നല്‍കിയ വിശദീകരണത്തിന് പിന്നാലെ, അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അടിയന്തരപ്രമേയ നോട്ടീസില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ സഭയെ അറിയിച്ചു. നിലവിലെ സർക്കാർ പുതിയ കരാറുകളിലൊന്നും ഒപ്പിട്ടിട്ടില്ലെന്നും, മുൻ എല്‍ഡിഎഫ് സർക്കാരാണ് സംസ്ഥാന താല്‍പ്പര്യങ്ങള്‍ ബലികഴിപ്പിച്ച് പദ്ധതിയില്‍ ഒപ്പിട്ടതെന്നും മന്ത്രി ആരോപിച്ചു. 2024-ല്‍ ഇടത് സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നുവെന്നും, കരാറില്‍ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷം കത്തു നല്‍കിയിട്ടില്ലെന്നും, പകരം നീട്ടിവെക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാല്‍, പദ്ധതി അധികാരത്തില്‍ വന്നാല്‍ ഒഴുക്കിക്കളയുമെന്ന് പ്രഖ്യാപിച്ചവരാണ് ഇപ്പോഴത്തെ ഭരണകക്ഷി എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തിരിച്ചടിച്ചു. അധികാരത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ പഴയ നിലപാടുകള്‍ തിരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
നിലവില്‍ പിഎം ശ്രീ പദ്ധതി നടപ്പായിട്ടില്ലെന്നും, സ്കൂളുകളുടെ പട്ടിക പോലും ഇതുവരെ കൈമാറിയിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി. സംഘപരിവാർ അജണ്ടയ്ക്ക് മുന്നില്‍ സർക്കാർ കീഴടങ്ങുകയാണെന്നും അദ്ദേഹം സഭയില്‍ ആരോപിച്ചു. ചർച്ചകള്‍ക്ക് ഒടുവില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
SUMMARY: Big fight in the Legislative Assembly over PM Shri; Opposition walks out of the House
















