ഗുരുവായൂർ: ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ ബുക്ക് ചെയ്തത് റെക്കോഡ് കല്യാണങ്ങള്‍. 392 വിവാഹങ്ങളാണ് ഇന്ന് വരെ ബുക്ക് ചെയ്തത്. 23-ാം തിയ്യതി ഞായറാഴ്ച വരെ ബുക്കിങ്ങിന് അവസരമുള്ളതിനാല്‍ നാനൂറ് കടന്നേക്കും. 2024 സെപ്റ്റംബർ 8 ന് 334 വിവാഹങ്ങള്‍ നടന്നതാണ് നിലവിലെ റെക്കോഡ്.
വൻതോതിലുള്ള തിരക്ക് കണക്കിലെടുത്ത്, യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയില്‍ ചടങ്ങുകള്‍ സുഗമമായി നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ദേവസ്വം ഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞു. അതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ സ്ഥിരമായി ഉപയോഗിക്കാവുന്ന അഞ്ചാമത്തെ കല്യാണമണ്ഡപം നിർമ്മിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്നുള്ള ഒരു ഭക്തനാണ് ഈ മണ്ഡപം വഴിപാടായി നിർമിച്ച് സമർപ്പിക്കുന്നത്.
കോതച്ചിറ സ്വദേശിയായ ശില്പി സുധില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ മണ്ഡപത്തിന്റെ പണികള്‍ പുരോഗമിക്കുന്നത്. നിലവില്‍ മരപ്പണികള്‍ പൂർത്തിയായിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഗുരുവായൂരില്‍ എത്തിക്കുന്ന മണ്ഡപം ചിങ്ങം ഒന്നിന് സ്ഥാപിക്കും. ഇതായിരിക്കും ഇനി മുതല്‍ ഒന്നാം നമ്പർ മണ്ഡപം എന്നറിയപ്പെടുക.
നിലവില്‍ ഗുരുവായൂരില്‍ നാല് സ്ഥിര മണ്ഡപങ്ങളാണുള്ളത്. വിവാഹങ്ങളുടെ എണ്ണം 200 കടക്കുമ്പോള്‍ സാധാരണയായി താല്‍ക്കാലികമായി മറ്റൊരു മണ്ഡപം കൂടി സജ്ജീകരിക്കാറുണ്ട്. എന്നാല്‍ പുതിയതായി നിർമ്മിക്കുന്ന മണ്ഡപം സ്ഥിര സ്വഭാവത്തിലുള്ളതാണെന്നത് വലിയ ആശ്വാസമാകും.
SUMMARY: wedding rush at Guruvayur; Record bookings for the first Sunday of the month of Chingam
















