ബെംഗളൂരു: കാവേരി ജലം തമിഴ്നാട്ടിലേക്ക് വിട്ടുനൽകുന്നതിനെതിരെയും കർണാടകയുടെ ജലാവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കന്നഡ സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ബന്ദ് നാളെ നടക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ബന്ദ്. കന്നഡ സംഘടന നേതാവും മുൻ എം.എൽ.എയുമായ വാട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തിലാണ് ബന്ദ്. കാവേരി ജലവിതരണത്തിന് പുറമെ മേക്കേദാട്ടു, മഹാദായി, കലസ-ബണ്ഡൂരി തുടങ്ങിയ ജലപദ്ധതികൾക്ക് അനുമതി നൽകണമെന്ന ആവശ്യവും പ്രതിഷേധത്തിന്റെ ഭാഗമാണ്.
കാവേരി ജല മാനേജ്മെന്റ് അതോറിറ്റി കർണാടകയിൽ നിന്ന് തമിഴ്നാട്ടിലേക്ക് 15 ദിവസത്തേക്ക് പ്രതിദിനം 3,500 ഘനയടി വെള്ളം വിട്ടുനൽകാനുള്ള നേരത്തെയുള്ള നിർദേശം ശരിവച്ചതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയായിരുന്നു. ബുധനാഴ്ച മുതൽ 15 ദിവസം 12,000 ക്യുസെക്സ് വിതം കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകാനും ചൊവ്വാഴ്ച സി.ഡബ്ല്യു.ആർ.സി. ഉത്തരവിട്ടു. ഇതാണ് പ്രതിഷേധം കനക്കാന്‍ കാരണം.
അതേസമയം ബന്ദിന് എല്ലാ കന്നഡ സംഘടനകളുടെയും പിന്തുണയില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന വിവരം. കർണാടക രക്ഷണ വേദികെ അധ്യക്ഷൻ പ്രവീൺ ഷെട്ടി ബന്ദിന് പിന്തുണയില്ലെന്ന് ഇന്ന് വ്യക്തമാക്കി. കാവേരി വിഷയത്തിലെ പോരാട്ടത്തിന് പിന്തുണയുണ്ടെങ്കിലും ബന്ദിനോട് യോജിപ്പില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
നാളെ സ്കൂളുകൾ അടച്ചിടുമെന്ന നേരത്തെയുള്ള തീരുമാനം പിൻവലിച്ചിട്ടുണ്ട്. കർണാടക പ്രാഥമിക, ഹൈസ്കൂൾ മാനേജ്മെന്റ് സംഘടന ബന്ദിന് ധാർമിക പിന്തുണ നൽകുമെങ്കിലും സ്കൂളുകൾ അടച്ചിടില്ല. അധ്യാപകരെ ഇതിനകം തന്നെ പ്രത്യേക വോട്ടർ പട്ടിക പരിശോധനാ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിരിക്കുന്നതിനാൽ പഠനപ്രവർത്തനങ്ങൾ ബാധിക്കപ്പെട്ടിരിക്കുകയാണെന്നും സംഘടന വ്യക്തമാക്കി.
അധ്യാപകരും ജീവനക്കാരും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത റിബൺ ധരിക്കാനും, അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് കാവേരി ജല തർക്കത്തെക്കുറിച്ച് വിവരങ്ങൾ നൽകാനും സംഘടന നിർദേശിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ വിവരമനുസരിച്ച് കെഎസ്ആർടിസി, ബിഎംടിസി, മെട്രോ സർവീസുകൾ ബന്ദിൽ പങ്കെടുക്കുന്നില്ല. സ്വകാര്യ ഗതാഗത സംഘടനകളും പൂർണമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ പൊതുഗതാഗതം സാധാരണ നിലയിൽ തുടരാനാണ് സാധ്യത. എന്നാൽ പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കും യാത്രാതടസ്സവും ഉണ്ടായേക്കാം. അന്തർസംസ്ഥാന ബസ് സർവീസ്, ചരക്ക് നീക്കം, സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ സഞ്ചാരത്തെ ബാധിക്കും. അത്തിബെലെ ക്രോസിങ്ങിൽ കാലതാമസവും വഴിതിരിച്ചുവിടലും ഉണ്ടാകും.
അനിഷ്ട സംഭവങ്ങളുണ്ടായാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാനും സാധ്യതയുണ്ട്. ഹോട്ടൽ ഉടമകളുടെ സംഘടന ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്ഥാപനങ്ങൾ അടച്ചിടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം, ബന്ദിന് നേതൃത്വം നൽകുന്ന വാട്ടാല്‍ നാഗരാജ് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെ ഹോട്ടലുകൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ചില വ്യാപാര സ്ഥാപനങ്ങൾ പ്രദേശിക സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തനം നിയന്ത്രിക്കാനുള്ള സാധ്യതയുണ്ട്.
അതേസമയം നാളത്തെ ബന്ദിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലും പ്രതിഷേധം നടക്കാൻ സാധ്യതയുള്ള മേഖലകളിലും അധിക പോലീസ് സേനയെ വിന്യസിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
SUMMARY: Cauvery water dispute; Karnataka bandh tomorrow
















