ബെംഗളുരു: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പാചകവാതക ക്ഷാമം ബെംഗളൂരുവിലെ പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിളുടെയും ഹോസ്റ്റലുകളുടെയും പ്രവർത്തനത്തെയും ബാധിച്ചു. പലയിടത്തും ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിയതായി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സിലിണ്ടർ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പിജികളിൽ ഭക്ഷണം വിതരണം നിർത്തിവയ്ക്കുമെന്ന് പി.ജി ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇതോടെ ഇവിടങ്ങളിൽ താമസിച്ചുവരുന്ന വിദ്യാർഥികളും ഉദ്യോഗസ്ഥരും കടുത്ത പ്രതിസന്ധിയിലായി. ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ പലരും വീടുകളിലേക്ക് മടങ്ങി. വർക്ക് ഫ്രം ഹോം സൗകര്യം ലഭിച്ചവരാണ് മടങ്ങിയവരിൽ ഏറെയും. നഗരത്തിലെ ചില കോളേജുകളിൽ ഹോസ്റ്റലുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെവ രുന്നതിനാൽ വിദ്യാർഥികളോട് നാട്ടിലേക്ക് മടങ്ങാൻ നിർദേശിച്ചുതുടങ്ങിയതായും പറയുന്നു. ക്ലാസുകൾ ഓൺലൈനിലെടുക്കുന്ന കാര്യം കോളേജ് അധികൃതർ ആലോചിക്കുന്നതായാണ് വിവരം.
അതേസമയം പ്രതിസന്ധി മുതലെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ നൽകുന്ന സിലിൻഡറുകളുടെ വിതരണക്കാർ വില പതിന്മടങ്ങ് വർധിപ്പിച്ചതായും പരാതികള്‍ ഉണ്ട്. 1800 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന സിലിൻഡറിന് ഇപ്പോൾ ആറായിരം രൂപവരെ വിലയീടാക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഗാർഹിക ഉപഭോക്താക്കളല്ലാത്ത വീട്ടുകാർക്കും കച്ചവടക്കാർക്കുമാണ് തീവിലയ്ക്ക് ഗ്യാസ് സിലിൻഡറുകൾ വാങ്ങേണ്ടിവരുന്നത്. 900 രൂപ വിലയുള്ള 14 കിലോയുടെ ഗാർഹിക സിലിണ്ടർ 2000–3000 രൂപ നൽകിയാണ് പലരും ഇന്നലെ സംഘടിപ്പിച്ചത്. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 1000–1500 രൂപയായി ഉയർന്നു. സിലിൻഡറുകൾ കിട്ടാതായതോടെ നഗരത്തിലെ ചില ഹോട്ടലുകൾ അടച്ചിട്ടു. പല ഹോട്ടലുകളും പ്രവർത്തനം ചുരുക്കുകയും ചെയ്തിട്ടുണ്ട്.
SUMMARY: Cooking gas shortage; Food distribution suspended in PGs















