തൃശ്ശൂർ: എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചു കൊന്ന നായയെ പിടികൂടി. ഇന്നലെ രാത്രിയോടെ നാട്ടുകാരുടെ നേത്യത്വത്തിലാണ് നായയെ പിടികൂടിയത്. പ്രദേശത്ത് മുഴുവൻ തെരുവ് നായകളുടെ ശല്യമുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിടികൂടിയ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
എരുമപ്പെട്ടി സ്വദേശി കാർത്യായിനി(84) ആണ് നായയുടെ ആക്രമണത്തിൽ ഇന്നലെ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് കിടപ്പുരോഗിയായ വയോധികയെ തെരുവ് നായ ആക്രമിച്ചത്. ഇവരുടെ മകന് മണി സന്ധ്യയോടെ ഇവര്‍ക്ക് ഭക്ഷണവുമായി എത്തിയപ്പോഴാണ് വയോധിക രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി കണ്ടത്. കാർത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മറ്റൊരു മകന് ദേവദാസിനും നായയുടെ പരുക്കേറ്റു. 60 വയസുകാരനായ ഇയാള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
രണ്ട് വര്‍ഷം മുമ്പ് വീണ് എല്ലുപൊട്ടിയതിനെ തുടര്‍ന്നാണ് കാര്‍ത്ത്യായിനി കിടപ്പിലായത്. നായയുടെ ആക്രമണം നടക്കുമ്പോള്‍ വയോധികയുടെ വീട്ടിലും പരിസരത്തും മറ്റാരുമുണ്ടായിരുന്നില്ല. ഈ നായ മറ്റ് വളര്‍ത്ത് നായ്ക്കളേയും ആളുകളേയും കടിച്ചതായി നാട്ടുകാര്‍ സംശയിക്കുന്നുണ്ട്. നാട്ടുകാരും പോലീസും ചേർന്ന് രാത്രി വൈകിയും നായക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് അർധരാത്രിക്ക് ശേഷം നടത്തിയ തെരച്ചിലിലാണ് നായയെ പിടികൂടാനായത്.
തൃശൂർ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന കാർത്യായനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
SUMMARY: Stray dog who killed elderly woman in Thrissur Captured
















