ബെംഗളൂരു: സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. കടുത്ത അഴിമതി വന്നതോടെ രാഷ്ട്രീയ രംഗം പൂർണമായി ദുഷിച്ചുവെന്ന് പറഞ്ഞ അദ്ദേഹം 2028-ലെ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും വ്യക്തമാക്കി. എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് സിദ്ധരാമയ്യ ഇക്കാര്യങ്ങൾ പറഞ്ഞത്. കർണാടക മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറിയതിന് ആഴ്ചകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
തനിക്ക് ഇപ്പോൾ 79 വയസായെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ 82 വയസ് തികയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ 2028-ലെ തിരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ല. എന്നാൽ രാഷ്ട്രീയത്തിൽ തുടരുമെന്നും ജനങ്ങളുടെ സുഖദുഃഖങ്ങളിൽ എപ്പോഴും ഒപ്പമുണ്ടാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
വരുണ മണ്ഡലത്തിലെ ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സന്ധി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻകാലത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങൾ സ്ഥാനാർഥികൾക്ക് പണം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ജനങ്ങൾക്ക് പണം നൽകേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധരായ രാഷ്ട്രീയക്കാർ ഇല്ലാതാകുന്നതായും അദ്ദേഹം വിമർശിച്ചു.
1978-ൽ താലൂക്ക് ബോർഡ് അംഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ച സിദ്ധരാമയ്യ, തന്‍റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിൽ നിരവധി വിജയങ്ങളും തോൽവികളും കണ്ടിട്ടുണ്ടെന്ന് ഓർമിച്ചു. ഇതുവരെ വിശ്വസിച്ച തത്വങ്ങൾക്കെതിരെ പ്രവർത്തിക്കുകയോ മനസാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നത് വലിയ സംതൃപ്തി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടായി കർണാടകയിലെ ജനങ്ങൾ എന്നെ അവരിലൊരാളായി കണ്ടു, സ്‌നേഹത്തോടെ എന്നെ നയിച്ചു. ആ കടം എന്റെമേലുണ്ട്. അതിനാൽ തന്നെ എന്റെ ഭാവിജീവിതവും പൊതുപ്രവർത്തനത്തിനായി സമർപ്പിക്കും.’ -സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.
SUMMARY: Corruption is rampant in politics, Siddaramaiah announces retirement, will not contest elections again
















