മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തുക തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയെ സസ്‌പെൻഡ് ചെയ്‌തു. പെരിന്തല്‍മണ്ണ അർബൻ ബാങ്കിന്റെ മൂർക്കനാട് ശാഖയിലായിരുന്നു സംഭവം. തട്ടിപ്പിനിരയായ വീട്ടമ്മ പരാതി നല്‍കിയതിനെത്തുടർന്ന് ബാങ്ക് ജീവനക്കാരനും ഡിവൈഎഫ്‌ഐ നേതാവുമായ കെ ടി നൗഫലിനെ ബാങ്ക് സസ്‌പെൻഡ് ചെയ്‌തു.
സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗം കൂടിയാണ് കെ ടി നൗഫല്‍. പത്ത് മാസത്തെ പെൻഷൻ തുകയായ 20,000 രൂപയാണ് നൗഫല്‍ തട്ടിയെടുത്തത്. പെൻഷൻ തുക ലഭിക്കാത്തതിനെത്തുടർന്ന് വീട്ടമ്മ ബാങ്കില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിയുന്നത്. ബാങ്ക് നടത്തിയ അന്വേഷണത്തില്‍ നൗഫലിന്റെ കള്ളത്തരം കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ബാങ്ക് അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെ പാർട്ടി തലത്തിലും നൗഫലിനെതിരെ നടപടിയുണ്ടായി. ഒരു വർഷത്തേക്ക് ഇയാളെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു. തട്ടിപ്പിനിരയായ വീട്ടമ്മ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടികളും പുരോഗമിക്കുകയാണ്.
SUMMARY: DYFI leader suspended following complaint of misappropriating widow pension using a forged signature
















