ബെംഗളൂരു: അത്തിബെലെ സർജാപൂരിലുണ്ടായ വാഹനാപകടത്തിൽ നാലുവയസ്സുകാരന്‍ മരിച്ചു. മലപ്പുറം കോട്ടയ്ക്കൽ പറപ്പൂർ കിഴക്കേകുണ്ട് സ്വദേശി ചാലിൽ വീട്ടിൽ ആദിൽ എം.സി. – ഷഹീബ ദമ്പതികളുടെ ഏക മകൻ ഈസ ആദിലാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ മാതാവ് ഷഹീബയെ വർത്തൂരിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. മാതാവ് ഷഹീബയ്ക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു കുട്ടി. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന ഗുഡ്സ് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഈസ ആദിൽ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അത്തിബെലെ ഓക്സ്ഫോർഡ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പറപ്പൂർ സിദ്ദീഖ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും . സർജാപൂരിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനാണ് പിതാവ് ആദിൽ. നടപടിക്രമങ്ങൾക്ക് ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു പ്രവർത്തകർ നേതൃത്വം നൽകി.
SUMMARY: Scooter hits goods auto; four-year-old Malayali dies
















