ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഹൊസകോട്ട സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വർക്കല ചെറുന്നിയൂർ ശ്രീ വിലാസത്തില്‍ അജിത്- സ്മിത ദമ്പതികളുടെ മകന്‍ അശ്വിൻ നായർ (17), പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയും ബെംഗളൂരു കൊത്തന്നൂരില്‍ സ്ഥിരതാമസക്കാരുമായ തോമസ് ജോര്‍ജ് -പേൾ ദമ്പതികളുടെ മകന്‍ ഈതൻ ജോൺ ജോര്‍ജ് (17) എന്നിവരാണ് മരിച്ചത്. യെലഹങ്ക ആര്‍.വി. പി.യു. കോളേജിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ബെംഗളൂരു കൊത്തനൂരിലായിരുന്നു താമസം.
ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഹൊസ്കോട്ട സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാർ ആദ്യം ബെക്കിലിടിക്കുകയും പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ട് ചരക്കുലോറിയിൽ ഇടിച്ചുകയറുകയുമായിരുന്നു. കാറിലുണ്ടായിരുന്ന ആറുപേരും ബൈക്ക് യാത്രികനും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കാറിന്റെ അമിത വേഗമാണ് അപകടകാരണമെന്നാണ് വിവരം. കാര്‍ ഇടിച്ചുകയറിയതിന്റെ ആഘാതത്തില്‍ ട്രക്കിന്റെ ചക്രങ്ങള്‍ വേര്‍പെടുകയും വാഹനം ഒന്നടങ്കം സര്‍വീസ് റോഡിലേക്കു തെറിച്ചുപോവുകയും ചെയ്തു.
അശ്വിനും ഈതനും കൂടാതെ കാറിലുണ്ടായിരുന്ന അർഹാൻ ഷെരീഫ്, അയാൻ അലി (17), ഫ്രേസർ ടൗൺ സ്വദേശി ഭരത് (18), ഫര്‍ഹാന്‍ എന്നിവരും മരിച്ചു. ബൈക്ക് യാത്രികനായ ദേവനായ്ക്കഹള്ളി സ്വദേശി ഗഗനും (26) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൊസകോട്ടെയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരനാണ് ഗഗൻ. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.
രണ്ടാം വര്‍ഷ പിയുസി വിദ്യാര്‍ഥികളാണ് അശ്വിനും ഈഥനും. അശ്വിന്റെ പിതാവ് അജിത്ത് എസ്ഐഡിബിയിൽ ഉദ്യോഗസ്ഥനാണ്. അമ്മ സ്മിത നായർ കോഗ്നിസന്റിൽ ജോലി ചെയ്യുന്നു. അശ്വിന്റെ മൃതദേഹം കേരളസമാജം ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുപോയി.
ഈതന്റെ പിതാവ് ജോർജ് ഡല്‍ഹിയില്‍ സൈബർ മീഡിയ റിസർച്ച് വിംഗ് പ്രസിഡണ്ടാണ്. അമ്മ പേൾ ഐബിഎമ്മില്‍ ഉദ്യോഗസ്ഥയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബാഗ്ലൂര്‍ റോഡിലെ കണ്ണൂരിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കമ്മനഹള്ളി സെന്റ് ജെയിംസ് സി എസ് ഐ മലയാളം ചര്‍ച്ചില്‍ നടക്കും. തുടർന്ന് സംസ്‌കാരം ഹൊസൂർ റോഡ് ഇന്ത്യൻ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
SUMMARY: Hoskota road accident; Two Malayali students among the dead














