ന്യൂഡൽഹി: ഉന്നത എൻജിനീയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി ജനുവരിയിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ജെ.ഇ.ഇ മെയിൻ ആദ്യ സെഷൻ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ ഇ.എൻ.കെ. വൈഷ്‌ണവ് ഒന്നാമനായി. തൃശൂർ നാട്ടിക ഇയാനി നായക്കാട്ട് വീട്ടിൽ വിദേശമലയാളിയായ കൃതീഷിന്റെയും സന്ധ്യാ കൃതീഷിന്റെയും മകനാണ്. 99.97 ശതമാനം മാർക്കു നേടിയയാണ് വൈഷ്‌ണവ് ടോപ്പറായത്. തൃശൂർ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി പാലാ ബ്രില്ല്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരികയാണ്.
അതേസമയം 100 ശതമാനം സ്കോർ നേടിയ 12 പേരിൽ കേരളത്തിൽ നിന്നാരുമില്ല. രാജസ്ഥാനിൽ നിന്നുള്ള മൂന്ന് പേർക്കാണ് നൂറ് ശതമാനം മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. നൂറ് ശതമാനം സ്കോർ നേടിയതിൽ 11 പേരും ജനറൽ വിഭാഗത്തിൽപ്പെട്ടവരാണ്. ആന്ധ്രപ്രദേശിൽ നിന്നുള്ള നരേന്ദ്രബാബു ഗാരി ആണ് ജനറൽ വിഭാഗത്തിന് പുറത്ത് നിന്നും നൂറ് ശതമാനം സ്കോർ നേടിയ ഏക വിദ്യാർത്ഥി. ഒബിസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിയാണ് അദ്ദേഹം.
ഫലം jeemain.nta.nic.in, jeemain.nta.nic.in എന്നീ വെബ്‌സൈറ്റിൽ. 13,04,653 വിദ്യാർത്ഥികൾ ജനുവരി 21മുതൽ 29വരെ രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷയെഴുതി. ഏപ്രിലിൽ നടക്കുന്ന ജെ.ഇ.ഇ മെയിൻ രണ്ടാം സെഷനിൽ ഫലം മെച്ചപ്പെടുത്താനുള്ള അവസരവുമുണ്ട്.
SUMMARY:JEE Main result, Vaishnav Kerala topper















