ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക അംഗീകാരം. പാർട്ടി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ് തന്നെയാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെയെ സംസ്ഥാന പാർട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനൊപ്പം പാർട്ടിയുടെ ജനപ്രിയ ചിഹ്നമായ വിസിലിനെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായി റിസർവ് ചെയ്ത് നൽകുകയും ചെയ്തിട്ടുണ്ട്.
പാർട്ടി രൂപീകരിച്ച് 27 മാസത്തിനുള്ളിൽ തന്നെ ഈ നേട്ടം കൈവരിക്കാനായത് ചരിത്രപരമായ മുന്നേറ്റമാണെന്ന് വിജയ് പ്രതികരിച്ചു. മുൻപ് തമിഴ്നാട്ടിൽ സംഭവിക്കാത്ത തരത്തിലുള്ള അപൂർവ്വ അത്ഭുതമാണിതെന്നും അഴിമതിരഹിത ഭരണം തുടരുമെന്നും വിജയ് വ്യക്തമാക്കി.
ആകെ പോൾ ചെയ്ത വോട്ടിന്റെ 35 ശതമാനം നൽകി നിങ്ങൾ ടിവികെയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവിയിലേക്ക് ഉയർത്തിയിരിക്കുന്നു എന്ന് വിജയ് കുറിച്ചു. ജനവിധിയെ മാനിച്ചുകൊണ്ട് അഴിമതിരഹിതവും സുതാര്യവുമായ ഭരണമെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി ഔദ്യോഗികമായി രൂപീകരിച്ച് 27 മാസത്തിനുള്ളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് 35 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞത്. സംസ്ഥാനത്തുടനീളം സുസ്ഥിരമായ ജനസേവനത്തിലൂടെയും ക്ഷേമപദ്ധതികളിലൂടെയും വോട്ടർമാർ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുമെന്ന് വിജയ് ഉറപ്പുനൽകി. മതേതരത്വവും സാമൂഹിക നീതിയും അടിസ്ഥാനമാക്കി പ്രവർത്തിക്കുമെന്നും, ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്തുണ നൽകിയ തമിഴ് ജനതയ്ക്കും മുഴുവൻ പാർട്ടി പ്രവർത്തകർക്കും വിജയ് കൃതജ്ഞത രേഖപ്പെടുത്തി.
SUMMARY: Just 27 months! The Election Commission has granted state party status to Tamizhaga Vettri Kazhagam; Vijay calls it a historic achievement.
















