മലപ്പുറം: മഞ്ചേരിയിൽ വൻ എംഡിഎംഎ വേട്ട. ഏകദേശം 10 കോടി രൂപ മൂല്യം കണക്കാക്കുന്ന 12 കിലോ എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ ലഹരിമരുന്ന് വിതരണ സംഘത്തിലെ പ്രധാനികളെന്ന് പറയുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രണ്ടുപേര്‍ മലപ്പുറം സ്വദേശികളും ഒരാള്‍ വയനാട് സ്വദേശിയുമാണ്. സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എം ഡി എം എ എത്തിച്ചിരുന്ന വന്‍ ലഹരിമരുന്ന് സംഘത്തെയാണ് അന്വേഷണത്തിലൂടെ പോലീസ് പിടികൂടിയത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.
മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് തുടർ അന്വേഷണം നടക്കുന്നത്. ലഹരിമരുന്നിന്റെ ഉറവിടം, വിതരണ ശൃംഖല, സംഘവുമായി ബന്ധമുള്ള മറ്റ് ആളുകൾ എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.
സംസ്ഥാനത്താകെ ലഹരിമാഫിയക്കെതിരെ പൊലീസ് ശക്തമാക്കിയ പരിശോധനകളുടെ ഭാഗമായാണ് ‘ഓപ്പറേഷൻ തൂഫാൻ’ നടക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 10,600 പേരെ അറസ്റ്റ് ചെയ്തതായി നോർത്ത് സോൺ ഐജി പുട്ട വിമലാദിത്യ അറിയിച്ചു. പരിശോധനകളിൽ ആകെ 21 കിലോ എംഡിഎംഎ, 1,100 കിലോ കഞ്ചാവ്, 4.5 കിലോ ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി.
തൃശൂർ റേഞ്ചിൽ മാത്രം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 2,417 കേസുകൾ രജിസ്റ്റർ ചെയ്തതായി ഡിഐജി ടി. നാരായണൻ അറിയിച്ചു. ലഹരിമരുന്ന് എത്തിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായി പരിശോധനകളും തുടരന്വേഷണങ്ങളും കൂടുതൽ ശക്തമാക്കാനാണ് പോലീസ് തീരുമാനം.
SUMMARY: Kerala’s biggest drunk hunt; Three persons were arrested with 12 kg of MDMA in Mancheri















