കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പെണ്‍കുട്ടിക്കും ഭർത്താവിനും നല്‍കിയിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു. ഇരുവരെയും കണ്ടെത്താൻ പോലീസിന് സാധിക്കുന്നില്ലെന്നും, നല്‍കിയിരുന്ന മേല്‍വിലാസത്തിലും ഫോണ്‍ നമ്പറിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഇത് പെണ്‍കുട്ടിയുടെ പതിവ് രീതിയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടി സംരക്ഷണം വീണ്ടും ആവശ്യപ്പെട്ടാല്‍ മാത്രം അത് പരിഗണിച്ചാല്‍ മതിയെന്നും ഹൈക്കോടതി പോലീസിന് നിർദേശം നല്‍കി. പെണ്‍കുട്ടിയുടെ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ മധ്യപ്രദേശിലെ പ്രത്യേക പോക്സോ കോടതി തള്ളിയിരുന്നു.
ഇതിനുപിന്നാലെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടണമെന്നാവശ്യപ്പെട്ട് ഫർമാൻ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, അത് അധികാരപരിധിയില്‍ വരുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജി തള്ളുകയുണ്ടായി. നിലവില്‍ മധ്യപ്രദേശ് പോലീസ് ഫർമാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വിവാദങ്ങള്‍ക്കിടെ പെണ്‍കുട്ടി ഒളിവില്‍ പോയത് കേസില്‍ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.
SUMMARY: Kerala High Court revokes police protection for the ‘Viral Kumbh Mela girl’
















