ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിന് സമാപനം. 250 നർത്തകിമാരുടെ മെഗാ തിരുവാതിരക്കളിയോടെയാണ് സമാപന പരിപാടിക്ക് തുടക്കം കുറിച്ചത്. തുടർന്ന് വിവിധകലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണം നടത്തി. ഇന്ത്യൻ ആർമി ലെഫ്റ്റനന്റ് ജനറൽ ബാലകൃഷ്ണൻ ജയനെ ആദരിച്ചു. ഓണസ്സദ്യയിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു.
സമാപനസമ്മേളത്തിൽ വൈദ്യുതി-പരിസ്ഥിതി-പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ്, കെ.ആർ. പുരം എം.എൽ.എ. ബി.എ. ബസവരാജ്, കന്നഡ സാഹിത്യകാരൻ നാഡോജ ഹംപ നാഗരാജയ്യ, സാഹിത്യനിരൂപകൻ ഡോ. കെ.എസ്. രവികുമാർ, നോവലിസ്റ്റ് പി.വി. ഷാജികുമാർ എന്നിവർ മുഖ്യാതിഥികളായി. സമാജം പ്രസിഡന്റ് മുരളീധരൻനായർ അധ്യക്ഷതവഹിച്ചു.
വനിതവിഭാഗം ചെയർ പേഴ്‌സൻ ഡോഷി മുത്തു, യുവജന വിഭാഗം ചെയർമാൻ അബ്ദുൾ അഹദ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഉന്നതവിജയംനേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. കോഴിക്കോട് റെഡ് ഐഡിയാസ് ട്രൂപ്പിന്റെ നേതൃത്വത്തിൽ ഗായകരായ ആര്യ ദയാൽ, ലിബിൻ സ്കറിയ, ചാനൽതാരങ്ങളായ മോനിഷ, ഫരീദ്, ഷനീഫ്, സുജേഷ് എന്നിവരും സാക്‌സോഫോൺ താരം കിഷോർ അന്തിക്കാട്, വാട്ടർ ഡ്രം-ഫയർ ഡ്രം താരം കുക്കു സാമൂവൽ എന്നിവരുമടങ്ങിയ സംഘത്തിന്റെ ലൈവ് മ്യൂസിക്ക് ഷോ എന്നിവ ഉണ്ടായിരുന്നു.
SUMMARY: Kerala Samajam concludes Duravaninagar Onam celebrations
















