ബെംഗളൂരു: കേരളസമാജം ഐ.എ.എസ്. അക്കാദമിയിൽ 2027-ലെ സിവിൽ സർവീസ് പരീക്ഷക്കു തയ്യാറെടുക്കുന്നവർക്കുള്ള ഓറിയന്റേഷൻ ക്ലാസ് അക്കാദമിയുടെ മുഖ്യ ഉപദേഷ്ടാവും കസ്റ്റംസ് കമ്മിഷണറുമായ പി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ഏറ്റവും കഠിനമായ പരീക്ഷക്ക് അർപ്പണമനോഭാവത്തോടെ സമയബന്ധിതമായി പഠിക്കുന്നതിനുള്ള രീതികൾ അദ്ദേഹം വിശദീകരിച്ചു. കേരളസമാജം പ്രസിഡന്റ് എം.ഹനീഫ് അധ്യക്ഷത വഹിച്ചു. പ്രമുഖപരിശീലകൻ അബ്ദുൾ റസാഖ് ക്ലാസെടുത്തു. കേരളസമാജം കൾച്ചറൽ സെക്രട്ടറി വി. മുരളീധരൻ, വനിതാവിഭാഗം അധ്യക്ഷ സുധാവിനേഷ്, കൈരളീ നികേതൻ എജുക്കേഷൻ ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ് എന്നിവർ സംബന്ധിച്ചു.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ക്ലാസുകൾ മാർച്ച് ഒന്നിന് ആരംഭിക്കും. തിങ്കൾ മുതൽ വെള്ളിവരെ വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെ ഓൺലൈനായും വാരാന്ത്യങ്ങളിൽ ഇന്ദിരാനഗർ കൈരളീനികേതൻ എജുക്കേഷൻ ട്രസ്റ്റിൽ ഓഫ് ലൈനായുമാണ് ക്ലാസുകൾ. ആദ്യത്തെ രണ്ടുമാസം പരീക്ഷക്കു വേണ്ട തയ്യാറെടുപ്പുകൾക്ക് പരിശീലനം സൗജന്യമായി നൽകും. അതിനുശേഷം താത്‌പര്യമുള്ളവർക്ക് പ്രിലിംസ്, മെയിൻ പരീക്ഷകൾക്കുള്ള 16 മാസത്തെ സമഗ്രമായ തുടർപരിശീലനം ചുരുങ്ങിയ ചെലവിൽ നൽകും. സിവിൽ സർവീസ് ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്‌ധരാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ 8431414491 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സമാജം ജനറൽ സെക്രട്ടറി റജികുമാർ അറിയിച്ചു.
SUMMARY: Kerala Samajam I.A.S. Orientation class at the academy
















