ന്യൂഡൽഹി: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ അധ്യക്ഷതയിൽ ഡൽഹിയിലെ വിഗ്യാൻ ഭവനിലാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
മറ്റു സംസ്ഥാനങ്ങള്‍ :
അസം- പോളിംഗ് തീയതി- ഏപ്രിൽ ഒമ്പത്; വോട്ടെണ്ണൽ തീയതി- മേയ് നാല്
തമിഴ്നാട്- പോളിംഗ് തീയതി- ഏപ്രിൽ 23; വോട്ടെണ്ണൽ തീയതി- മേയ് നാല്
പശ്ചിമ ബംഗാൾ- പോളിംഗ് തീയതി- ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണൽ തീയതി- മേയ് നാല്
പുതുച്ചേരി- പോളിംഗ് തീയതി- ഏപ്രിൽ 9; വോട്ടെണ്ണൽ തീയതി- മേയ് നാല്
കേരളത്തിൽ 140 സീറ്റുകളിലേക്കും പശ്ചിമ ബംഗാളിൽ 294ഉം തമിഴ്നാട്ടിൽ 234ഉം അസമിൽ 126ഉം പുതുശ്ശേരിയിൽ 30ഉം സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 16 (നാളെ) ഇറങ്ങും. നാമനിർദേശപത്രികാ പരിശോധന മാർച്ച് 24 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്.
കേരളത്തിൽ 30,471 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. എല്ലാ പോളിംഗ് ബൂത്തുകളിലും 100 % വെബ്ബ് കാസ്റ്റിംഗ് ഏർപ്പെടുത്തും. പോളിങ് സ്റ്റേഷനുകളിൽ കുടിവെള്ളം, റാമ്പ് , വെളിച്ചം ,വീൽ ചെയർ ഉറപ്പാക്കും. പോളിങ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈലുകൾ സൂക്ഷിക്കാൻ സൗകര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാർ മാത്രമാകും അനുവദിക്കുക.ഓരോ രണ്ടുമണിക്കൂറിലും പ്രിസെഡിംഗ് ഓഫിസർ പോളിംഗ് നിരക്ക് അപ്പ് ലോഡ് ചെയ്യും.
തിരഞ്ഞെടുപ്പ് ആക്രമരഹിതമാകാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടിയെടുക്കും. 5 സംസ്ഥാനങ്ങളിലായി 17.4 കോടി വോട്ടർമാരാണ് ഉള്ളത്. 824 നിയോജകമണ്ഡലങ്ങൾ. 2.19 ലക്ഷം പോളിങ് സ്റ്റേഷനുകൾ സജ്ജീകരിക്കും. എല്ല വോട്ടർമാരെയും പോളിംഗ് ബൂത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗ്യാനേഷ് കുമാർ പറഞ്ഞു. എല്ലാ വോട്ടർമാരും അഭിമാനത്തോടെ, ഉത്തരവാദിത്തത്തോടെ വോട്ട് രേഖപ്പെടുത്തണമെന്ന് അദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കമ്മിഷൻ സന്ദർശനം നടത്തിയെന്നും മുന്നൊരുക്കങ്ങൾ വിലയിരുത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. സന്ദർശനവേളയിൽ എല്ലാ രാഷ്ട്രീയപാർട്ടികളുമായും കൂടിക്കാഴ്ച നടത്തുകയും അവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ജില്ലാ ഇലക്ടറൽ ഓഫീസർമാർ, എസ്പിമാർ, ഐജിമാർ, ഡിഐജിമാർ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: Kerala to elections; Polling on April 9, counting on May 4







