കൊല്ലം: പാസ്പോർട്ട് നഷ്ടപ്പെട്ടതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ കൊല്ലം പ്രാക്കുളം സ്വദേശി അക്ഷയ് ഹരീഷ് (22) ഇന്ന് നാട്ടിലേക്ക് മടങ്ങും. അക്ഷയ്ക്ക് യാത്ര ചെയ്യാനുള്ള രേഖകളെല്ലാം ഇന്ന് തന്നെ നൽകും. തുടർന്ന് ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണിത്. ഇന്ത്യൻ എംബസി അക്ഷയ്യെ നേരിട്ട് ബന്ധപ്പെടുകയും നാട്ടിലേക്ക് മടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. അക്ഷയ്യെ തിരിച്ചെത്തിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. അക്ഷയ്യുടെ അമ്മ സരിതയുമായി സുരേഷ് ഗോപി വിഡിയോ കോൾ വഴി സംസാരിച്ചു. മകൻ വിളിച്ചെന്നും ഇടപെടലിൽ സന്തോഷവും നന്ദിയുമുണ്ടെന്നും സരിത പ്രതികരിച്ചു.
അലി ഷിപ്പിംഗ് കമ്പനിയുടെ പാം മറൈൻ എന്ന കപ്പലിൽ വാച്ച് കീപ്പറായി ജോലി ചെയ്തുവരികയായിരുന്നു അക്ഷയ് ഹരീഷ്. പാക്ക് തുറമുഖത്ത് എത്തിയശേഷം വെരിഫിക്കേഷനുവേണ്ടി പാസ്പോർട്ടും മറ്റ് രേഖകളും നൽകിയിരുന്നു. എന്നാൽ വെരിഫിക്കേഷൻ കഴിഞ്ഞ് രേഖകൾ ക്യാപ്റ്റനെ ഏൽപ്പിച്ചുവെന്ന് കരുതിയ അക്ഷയ് തിരികെ ഇറാനിൽ എത്തിയപ്പോഴാണ് രേഖകൾ ക്യാപ്റ്റന്റെ കൈവശമില്ലെന്നും നഷ്ടമായെന്നും മനസ്സിലാക്കുന്നത്. അക്ഷയ്യുടെ കൂടെയുണ്ടായിരുന്ന മറ്റ് ആറ് മ്യാൻമർ പൗരന്മാർക്കും യാത്രാ രേഖകൾ നഷ്ടപ്പെട്ടിരുന്നു.
ആഴ്ചകളോളം കപ്പലിൽ കുടുങ്ങിയ അക്ഷയ് ഉൾപ്പെടെയുള്ള ഏഴ് പേരെയും ഹോട്ടലിലേക്ക് മാറ്റിയിരുന്നു. മ്യാൻമർ സ്വദേശികൾ രണ്ട് ദിവസം മുൻപ് നാട്ടിലേക്ക് മടങ്ങി. ഇനി അക്ഷയ് മാത്രമാണ് ബാക്കിയുള്ളത്. മുഖ്യമന്ത്രി, ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവർ അക്ഷയ്യെ സുരക്ഷിതമായി നാട്ടിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. കൊല്ലം പ്രാക്കുളം സ്വദേശി ഹരീഷിന്റെയും സരിത ഹരീഷിന്റെയും മകനാണ് അക്ഷയ്.
SUMMARY: Kollam native, stranded in Iran after losing his documents, returns home.
















