വടകര: അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം.ഡി.എം.എ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. വയനാട് പുല്‍പ്പള്ളി സ്വദേശി അജിത്ത്, മരക്കടവ് സ്വദേശി വിശാല്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കേസിലെ 10, 11 പ്രതികളാണ് ഇരുവരും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാട് നടത്തതായി പോലിസ് കണ്ടെത്തിയിരുന്നു.
ജൂണ്‍ 28-ന് പുലര്‍ച്ചെ വടകര ഐസ് പ്ലാന്റ് റോഡിലെ റോളക്‌സ് ഓയില്‍ ഇന്‍ഡസ്ട്രീസിന് മുന്നില്‍ വെച്ച് സഫ്വാന്‍ എന്ന യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയതോടെയാണ് കേസില്‍ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്. കേസില്‍ പേരാമ്പ്ര ബി.ആര്‍.സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന(31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ(29), പേരാമ്പ്ര ബി.ആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി.പി നീഷ്മ(30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ് തുടങ്ങിയവരും പിന്നാലെ അറസ്റ്റിലായിരുന്നു.
കേസിലെ മറ്റ് പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബിആര്‍സി അധ്യാപകരായ കീര്‍ത്തന, നീഷ്മ, കാവ്യ എന്നിവര്‍ക്കും അഞ്ചാം പ്രതി ജിജിന്‍ കുര്യാക്കോസിനുമാണ് ജാമ്യം ലഭിച്ചത്. വടകര എന്‍ഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
SUMMARY: Vadakara MDMA case involving female teachers: Two more arrested
















