ബെംഗളൂരു: കർണാടകയിലെ കുടകിൽ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതിയെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്നാണ് തെരച്ചിൽ തുടരുന്നത്. കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയന്റമോളിൽ വ്യാഴാഴ്ച ട്രെക്കിങ് നടത്തിയ കോഴിക്കോട് നാദാപുരം സ്വദേശിനിയും എറണാകുളത്ത് സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ ജി.എസ്. ശരണ്യയെയാണ് (36) കാണാതായത്.
വ്യാഴാഴ്ച രാവിലെ വനം വകുപ്പിന്റെ അനുമതിയോടെ പത്തോളം ട്രക്കര്മാരടങ്ങുന്ന സംഘം യാത്ര തുടങ്ങിയത്. ശരണ്യ പാതയിലൂടെ തനിച്ച് സഞ്ചരിക്കാന്‍ പ്രത്യേക അനുമതി വാങ്ങിയിരുന്നു. കാട്ടാനശല്യം രൂക്ഷമുള്ള മേഖലയായതിനാല്‍ തനിച്ച് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും മറ്റൊരു പത്തംഗ സംഘത്തിനൊപ്പം ചേർന്ന് പോകാനുംശരണ്യയോട് നിർദേശിച്ചിരുന്നു. ആ സംഘത്തോടൊപ്പം യാത്ര ആരംഭിച്ച യുവതി ട്രക്കിംഗിനിടെ ഒറ്റയ്ക്ക് മുന്നോട്ടു നടന്നതായാണ് സൂചന. വൈകിട്ട് നാലിന് സംഘം ചെക്ക്‌പോസ്റ്റിലേക്ക് തിരിച്ചെത്തിയപ്പോൾ ശരണ്യ കൂടെയുണ്ടായിരുന്നില്ല.
വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിൽ വിളിച്ചറിയിച്ചതായും വിവരമുണ്ട്. എന്നാൽ, അതിനുശേഷം ഫോൺ സിഗ്നൽ നഷ്ടമായി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ശരണ്യ ട്രക്കിംഗ് പാതയിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. എന്നാൽ തിരിച്ചിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒരിടത്തും കണ്ടെത്താനായിട്ടില്ല.
പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരടങ്ങുന്ന 60 അംഗസംഘം അഞ്ച് ഉപടീമുകളായി തിരിഞ്ഞ് ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. ഡ്രോണുകളും സ്നിഫർ നായ്ക്കളെയും ഉപയോഗിച്ച് ഇടതൂർന്ന വനത്തിന്റെ ഉൾഭാഗങ്ങളിലും പാതകളിലും പരിശോധന നടത്തുന്നുണ്ട്. വനംവകുപ്പിൽനിന്നുള്ള മൂന്ന് ടീമുകളും പോലീസും നാട്ടുകാരും ഉൾപ്പെടുന്ന രണ്ട് ടീമുകളും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെയാണ് തിരച്കല്‍ നടത്തുന്നതെന്ന് മടിക്കേരി ഡി.സി.എഫ്. അഭിഷേക് പറഞ്ഞു.
ശരണ്യ അപകടത്തിൽപ്പെട്ടതാണോ, വഴിതെറ്റി കാടിന്റെ മറ്റൊരു ഭാഗത്ത് എത്തിയതാണോയെന്ന് അധികൃതർ അന്വേഷിച്ചുവരുകയാണ്. നാപ്പോക്ലു പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശരണ്യയുടെ സഹോദരനും കുടകിലെത്തിയിട്ടുണ്ട്.
SUMMARY: Malayali woman who went missing while trekking could not be found; search to continue today















