ബെംഗളൂരു: നഗരത്തിലെ ഗിരിനഗർ, ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ പോലീസ് നടത്തിയ മൂന്ന് വ്യത്യസ്ത പരിശോധനകളിൽ 5.48 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയതായി ബെംഗളൂരു പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 10.96 കോടി വില വരും. കേസുകളുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തതായും സീമന്ത് കുമാർ സിംഗ് അറിയിച്ചു.
ഗിരിനഗറിൽ നടത്തിയ പരിശോധനയിൽ വിദേശ പൗരനിൽ നിന്ന് എം.ഡി.എം.എ പിടികൂടിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തുടർ പരിശോധനകളിലാണ് മറ്റ് പ്രതികളെ കണ്ടെത്തിയത്. നൈജീരിയൻ പൗരനായ ജോഷിയ ആബേൽ (26), കാസറഗോഡ് സ്വദേശി ജാഫർ (35), ദേവരച്ചിക്കനഹള്ളി സ്വദേശി ആഷിക് (32), എന്നിവര്‍ കേസില്‍ അറസ്റ്റിലായി. ഇവരിൽ നിന്ന് ഏകദേശം 4.32 കോടി രൂപ വിലമതിക്കുന്ന 4.320 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഹെബ്ബാൾ, വിദ്യാരണ്യപുര മേഖലകളിൽ നടത്തിയ പരിശോധനകളിലും എം.ഡി.എം.എ പിടിച്ചെടുത്തു. ഒഡീഷ സ്വദേശിനിയായ ബനിത കരൺ (35) നെ ഹെബ്ബാള്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന 1.054 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തു. വിദ്യാരണ്യപുര പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഏകദേശം ₹10.60 ലക്ഷം വിലമതിക്കുന്ന 106 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു. തുടര്‍ന്നു രണ്ടു പേര് കൂടി അറസ്റ്റിലായി.
ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കി, ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പിടിച്ചെടുത്ത മയക്കുമരുന്ന് നഗരത്തിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണോയെന്നും ഇതിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. പിടിയിലായ പ്രതികൾക്കെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി മയക്കുമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
SUMMARY: MDMA worth ₹10.96 crore seized in Bengaluru; six arrested.
















