തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ലെന്നും നേരത്തെ നൽകിയ കത്തിന് അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നും മണി പറഞ്ഞു.
ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മിൽമ ആസ്ഥാനത്ത് ഇവർ പ്രതിഷേധിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി പാൽ വില വർധിപ്പിച്ചിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ വർധന ആവശ്യമാണെന്നും ബോർഡ് വ്യക്തമാക്കുന്നു. ശുപാർശയിൽ സർക്കാരിൽ നിന്ന് ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ല. സർക്കാരുമായി ധാരണയില്ലാതെ വില വർധിപ്പിക്കില്ലെന്നാണ് ബോർഡിൻ്റെ നിലപാട്. 29ന് ചേരുന്ന ബോർഡ് യോഗത്തിൽ അന്തിമ തീരുമാനം സ്വീകരിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മീഷനോട് അനുമതി തേടാനും നീക്കമുണ്ട്.
SUMMARY: Milma may increase milk prices; likely to increase by up to Rs 6 per liter















