ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി പരത്തുന്ന ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെ (നവംബർ 25) വൈകുന്നേരം 3.41-ഓടെ ആനയ്ക്ക് ആദ്യ മയക്കുവെടി വെച്ചെങ്കിലും പൂർണ്ണമായും മയങ്ങിയില്ല. തുടർന്ന് രണ്ടാമത്തെ വെടിവെക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റുകയും കനത്ത മഴയും മൂടൽമഞ്ഞും കാരണം ദൗത്യം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു.
ഇന്ന് രാവിലെ 7 മണിയോടെ ദൗത്യസംഘം വീണ്ടും തിരച്ചിൽ ആരംഭിക്കും. മുത്തങ്ങയിൽ നിന്ന് എത്തിച്ച വിക്രം, ഭരത് എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ആനയെ നിയന്ത്രിച്ച് റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ 1, 2, 9, 10, 11, 12 എന്നീ ആറ് വാർഡുകളിൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടാൻ പാടില്ല.
ദൗത്യം പൂർത്തിയാകുന്നത് വരെ ചിന്നക്കനാൽ പഞ്ചായത്തിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല. മേഖലയിലെ ക്യാംപ് ഫയർ, ടെന്റ് ക്യാംപിങ് എന്നിവയും നിരോധിച്ചിട്ടുണ്ട്.
ദൗത്യമേഖലയിലും സമീപ പ്രദേശങ്ങളിലും ഡ്രോൺ ക്യാമറകൾ, നൈറ്റ് ക്യാമറകൾ, ക്യാമറ ട്രാപ്പുകൾ എന്നിവ ഉപയോഗിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും കർശന നിയന്ത്രണമുണ്ട്.
ആന മയക്കുവെടിയേൽക്കുമ്പോൾ പ്രകോപിതനായി ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ട് അഞ്ച് ആശുപത്രികളിൽ അടിയന്തര ചികിത്സാ സൗകര്യങ്ങളും ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. ചിന്നക്കനാൽ കുടുംബാരോഗ്യ കേന്ദ്രം, അടിമാലി താലൂക്ക് ആശുപത്രി, ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രം, ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം, മൂന്നാർ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രി എന്നിവിടങ്ങളിലാണ് പ്രത്യേക മെഡിക്കൽ സംഘത്തെ വിന്യസിച്ചിരിക്കുന്നത്.
SUMMARY: ‘Mission Chakkakomban’ to continue today; restrictions in Chinnakanal















