കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് പേരുടെ മരണത്തിടയാക്കിയ മിനികൂപ്പർ അപകടവുമായി ബന്ധപ്പെട്ട വാഹനത്തിന്റെ സാങ്കേതിക വിവരങ്ങള്‍ ലഭിക്കുന്നത് വൈകും. വാഹനത്തിലെ ഇഡിആർ ഉപകരണം ജർമ്മനിയിലെ ബിഎംഡബ്ലിയു ആസ്ഥാനത്തേക്ക് അയച്ച് പരിശോധിച്ച ശേഷമേ വിശദാംശങ്ങള്‍ പോലീസിന് കൈമാറുകയുള്ളൂ. കമ്പനിയുടെ സ്വകാര്യത നയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഇതോടെ അപകട സമയത്തെ വാഹനത്തിന്റെ വേഗതയും മറ്റ് സാങ്കേതിക വിവരങ്ങളും പോലീസിന് ലഭ്യമാകാൻ കൂടുതല്‍ സമയമെടുക്കും. അതിനിടെ, കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം സർക്കാരിനെ സമീപിച്ചു. അഡ്വക്കേറ്റ് ജോണ്‍ എസ്. റാല്‍ഫിന്റെ പേര് നിർദേശിച്ചുകൊണ്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കി.
കേസിലെ പ്രതികളായ സുഹൈല്‍ സജീവ്, നിനവ്, ജോയല്‍ എസ് ആൻ്റോ, അമീൻ ഷ എന്നിവർ എറണാകുളം സെഷൻസ് കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
ഒക്ടോബർ 11-ന് പുലർച്ചെയുണ്ടായ അപകടത്തില്‍ വയനാട് സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് സ്വദേശി ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നിവർ തല്‍ക്ഷണം മരിച്ചിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കാറോടിച്ച 19-കാരൻ സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.
SUMMARY: Nedumbassery Mini Cooper Accident: EDR to be Sent to Germany
















