കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവർച്ച നടത്തിയ കേസിൽ പ്രതികൾക്കെതിരെ അന്വേഷണം ഊർജിതമാക്കി പോലീസ്. കേസിൽ ഒരാൾ കഴിഞ്ഞ ദിവസം കോഴിക്കോട് പോലീസിൽ കീഴടങ്ങിയിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്.
2025 സെപ്റ്റംബർ 18ന് അൽ തുമാമയിലെ കെഎംസിസി ഓഫിസിലാണ് കവർച്ച നടന്നത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ഓഫിസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് 31 ലക്ഷം റിയാൽ (ഏകദേശം 8.06 കോടി രൂപ) കവർന്നത്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം ആറ് പ്രതികളാണുള്ളത്. പികെ അബ്ദുൽ റഹീം നൽകിയ പരാതിയിൽ 2026 സെപ്റ്റംബർ 15നാണ് കൊയിലാണ്ടി പോലീസ് കേസ് എടുത്തത്. ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ബോംബെ ഷാജി, റാഷി, സാലിഹ് എന്നിവർ ഗുഢാലോചന നടത്തുകയും ബാലകൃഷ്ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടത്തുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്. പ്രതികൾക്കെതിരെ അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കേസിൽ കെഎംസിസി ഖത്തർ വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദുൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പോലീസ് കേസെടുത്തിരിക്കുന്നത്.
കേസിലെ പ്രധാനപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിൽ കവർച്ച ക്വട്ടേഷൻ ആണെന്ന നിർണായക വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. ഖത്തർ വ്യവസായി കമറുദ്ധീൻ പയ്യോളിക്കെതിരെയാണ് ക്വട്ടേഷൻ ആരോപണം ഉയർത്തിയിരിക്കുന്നത്. കവർച്ച നടത്തിയത് കമറുദീന് വേണ്ടിയാണെന്ന് ബോംബെ ഷാജി സന്ദേശത്തിൽ പറയുന്നുണ്ട്. കവർച്ചക്ക് ശേഷം വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്നും ബോംബെ ഷാജി ശബദ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇരുപത് കോടിയിലധികം രൂപ കവർച്ച നടത്തിയെന്നാണ് ബോംബെ ഷാജിയുടെ വെളിപ്പെടുത്തൽ. കവർച്ച ചെയ്തെടുത്ത പണത്തിന്റെ പങ്ക് കിട്ടിയില്ലെങ്കിൽ വേണ്ടത് ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് ഖത്തറിലേക്ക് കൊണ്ടുപോയെന്നും അവിടെ കെഎംസിസി ഓഫീസിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് കേസിൽ കീഴടങ്ങിയ രണ്ടാം പ്രതിയായ ബാലകൃഷ്ണൻ പോലീസിൽ മൊഴി നൽകിയത്. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ബാലകൃഷ്ണൻ.
SUMMARY: Case involving the theft of 8 crore from the Qatar KMCC office: Police intensify investigation against the accused.
















