കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് മുതല്‍ സമരം പുനരാരംഭിക്കും. ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ അറിയിച്ചു. നഴ്‌സുമാരുടെ മിനിമം വേതനം സംബന്ധിച്ച് ധാരണയാകാത്ത 26 ആശുപത്രികളിലാണ് സമരം നടക്കുക. ഭൂരിഭാഗം ആശുപത്രികളും വേതനം സംബന്ധിച്ച് ധാരണയായ പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് അത്തരം ആശുപത്രികളെ സമീപിക്കാവുന്നതാണെന്നും സമരം കാരണം പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും ജാസ്മിന്‍ഷാ പറഞ്ഞു.
നേരത്തെ, സമരത്തിൽ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്‌മെന്റും യു എന്‍ എയും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കിയത്. എന്നാല്‍, ശമ്പള പരിഷ്‌ക്കരണ വിഷയത്തില്‍ ഉറച്ച നിലപാട് മാനേജ്‌മെന്റുകള്‍ സ്വീകരിച്ചതോടെ ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് നഴ്‌സുമാര്‍ സമരം ശക്തമാക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ചികിത്സാ രംഗം താളംതെറ്റിയ അവസ്ഥയിലായിരുന്നു. പിന്നീട് ഭൂരിപക്ഷം മാനേജ്‌മെന്റുകളും നഴ്‌സുമാരുടെ സംഘടനയുമായി ധാരണയായി. അവശേഷിക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെയാണ് ഇന്ന് മുതലുള്ള സമരം.
SUMMARY: Nurses in private hospitals to go on strike again from today; management says they will close if necessary















